ന്യൂദല്‍ഹി: വിവാഹത്തില്‍ മനസുകള്‍ തമ്മില്‍ പൊരുത്തമുണ്ടോ എന്നതിനേക്കാള്‍ പ്രധാനമായി മതവും ജാതിയും പൊരുത്തമുണ്ടോ എന്ന് നോക്കുന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വഭാവം. ഒരു വിവാഹം ഇവിടെ നടക്കണമെങ്കില്‍ ഇത്തരം നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായുണ്ട്.
മുസ്‌ലിം യുവാവായ ജുനൈദ് ഷൈഖും ഹിന്ദു യുവതിയായ ഗരിമ ജോഷിയും പ്രണയം ആരംഭിച്ചപ്പോഴും അവരുടെ മനസ് നോക്കാതെ മതങ്ങളെ മാത്രം പരിഗണിച്ചവര്‍ നിരവധിയാണ്. എന്നാല്‍ ഹിന്ദു-മുസ്‌ലിം എന്ന തരത്തിലുള്ള വേര്‍തിരിവുകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നാണ് ഇവരുടെ അഭിപ്രായം.
മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടാണ് ജുനൈദും ഗരിമയും ഒന്നായത്. തങ്ങള്‍ പ്രണയം ആരംഭിച്ചപ്പോള്‍ കരുതിയത് ഈ ബന്ധത്തിന് ഭാവിയുണ്ടാകില്ലെന്നാണെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ ഭാഗ്യം ഇവര്‍ക്കൊപ്പമായിരുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ സ്വീകരിച്ചത്. ഈ സന്തോഷത്തെ അടയാളപ്പെടുത്തി വെക്കാനായി തങ്ങളുടെ വിവാഹം ഇന്ന് വരെയുണ്ടാകാത്ത തരത്തില്‍ ആഘോഷിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
“ഒരുപാട് കാലമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം സാധ്യമാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇത്.”-ജുനൈദ് വികാരാധീനനായി പറയുന്നു.
Also Read: വനിത ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരം ആരാണെന്നറിയാം Click Here
മുസ്‌ലിം മതാചാര പ്രകാരമുള്ള നിക്കാഹോ, ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമോ ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ജുനൈദ് വ്യക്തമാക്കുന്നു.
“നിക്കാഹോ വിവാഹമോ ഞങ്ങള്‍ ചെയ്യില്ല. ഞങ്ങള്‍ രണ്ട് സംസ്‌കാരങ്ങളേയും ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്.”-വിവാഹ ആഘോഷങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫി സംഘം തയ്യാറാക്കിയ വീഡിയോയില്‍ ജുനൈദ് പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം: