മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യാ പട്ടികയ്‌ക്കെതിരേയും പ്രമേയം പാസാക്കുന്നത് അനാവശ്യമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍.
പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ പട്ടികയും ആരുടേയും പൗരത്വം പിടിച്ചെടുക്കില്ലെന്നും ബീഹാറില്‍ ചെയ്തത് പോലെ നിയമസഭയില്‍ ഇതിനെതിരെ പ്രമേയം പാസാക്കേണ്ട ആവശ്യം ഇല്ലെന്നും അജിത് പവാര്‍ പറഞ്ഞു.
സി.എ.എയ്‌ക്കെതിരേയും എന്‍.പി.ആറിനെതിരേയും വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇവയെക്കുറിച്ച് അവബോധം ഉണ്ടാക്കണമെന്നും അജിത് പവാര്‍ പറഞ്ഞു.
നിതീഷ് കുമാര്‍ ബിഹാറില്‍ നടപ്പാക്കിയ സമാനരീതി മഹാരാഷ്ട്രയിലും എന്‍.ആര്‍.സി- എന്‍.പി.ആര്‍ വിഷയത്തില്‍ സ്വീകരിക്കണമെന്നാആവശ്യം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് അജിത് പവാറിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്ലെല്ലാം എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സമാനമായ തീരുമാനം മഹാരാഷ്ട്രയിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖാന്‍ പറഞ്ഞിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മഹാരാഷ്ട്രയില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും എതിര്‍പ്പ് വകവെക്കാതെയാണ് സി.എ.എയും എന്‍.പി.ആറും നടപ്പിലാക്കുമെന്ന് താക്കറെ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ