കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി അടുത്ത കാലത്തായി യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ടെന്നും അത് നിഷേധിക്കേണ്ട കാര്യമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് രൂപീകരിച്ച മുസ്‌ലിം സൗഹൃദ വേദിയുടെ കാലം തൊട്ട് അവരുമായി ബന്ധമുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജമാഅത്തെ ഇസ് ലാമിയുമായി ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ല. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്‌ലിം സൗഹൃദ വേദി രൂപീകരിച്ചിരുന്നു. അത് മുസ്‌ലിങ്ങളിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുള്ള മുന്നേറ്റമാണ്. അടുത്ത കാലത്തായി ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ,’ സാദിഖലി തങ്ങള്‍
അതേസമയം എ.പി. സുന്നി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണെന്നും എന്നാല്‍ അടുത്ത കാലത്തായി അവരുമായി ഒരുമിച്ചിരിക്കുന്ന വേദികള്‍ മുന്‍പത്തേതിനെ അപേക്ഷിച്ച് കൂടി വരുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരുമായുള്ള ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നതായിരിക്കണം കോണ്‍ഗ്രസിന്റെ നയമെന്നും അത്തരത്തില്‍ നിലപാടെടുത്തത് കൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
മൃദുഹിന്ദുത്വം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മൃദുഹിന്ദുത്വം മാറ്റിവെച്ചെന്നും അതായിരിക്കണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയവും ശൈലിയുമെന്ന് അവര്‍ക്ക് തന്നെ ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ലീഗ് ഇടതുപക്ഷത്തേക്ക് പോകുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും എന്നാല്‍ അത്തരമൊരു തോന്നല്‍ പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അതിലൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights: No need to deny Jamaat-e-Islami vote, relationship with them has not started yet: Sadiqali Shihab Thangal