ന്യൂദല്‍ഹി:എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി കൂട്ടുകെട്ടിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഏഴ് സീറ്റുകള്‍ ഒഴിച്ചിട്ടതെന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ദേഷ്യപ്പെടേണ്ട കാര്യമില്ല. ലക്ഷ്യം ബി.ജെ. പി യെ പരാജയപ്പെടുത്തുക എന്നായിരുന്നു പ്രയങ്ക പറഞ്ഞത്.
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കരുത്ത് തങ്ങളുടെ സഖ്യത്തിനുണ്ടെന്നും, ഒരു സംസ്ഥാനത്തും തങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നുമായിരുന്നു മായാവതി പറഞ്ഞത്. കോണ്‍ഗ്രസിന് സംസ്ഥാനത്തെ 80 സീറ്റുകളില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങള്‍ക്കു വേണ്ടിയാണ് സീറ്റ് ഒഴിച്ചിട്ടതെന്ന് പറഞ്ഞ് തെറ്റായ ധരണ പരത്തരുതെന്നും മായാവതി കോണ്‍ഗ്രസിനോടാവശ്യപ്പെട്ടിരുന്നു.
ഗംഗാ യാത്ര ബോട്ട് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പ്രസംഗത്തിനിടയില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക, വോട്ട് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നായിരുന്നു വോട്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാന്‍ വന്നവരല്ലെന്നും നിലവില്‍ ഞങ്ങള്‍ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിട്ടുണ്ടെന്നും, എന്താണോ പറഞ്ഞത് ഞങ്ങള്‍ അത് നടപ്പാക്കുമെന്നും പ്രിയങ്ക പറഞ്ഞു.