| Sunday, 4th December 2016, 4:57 pm

കെ.പി ശശികലയടക്കമുള്ളവര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട; കവര്‍‌സ്റ്റോറിയുമായി വീണ്ടും സിന്ധു സൂര്യകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആചാര്യ ഗിരിരാജ് കിഷോര്‍ മുതല്‍ കെ.പി ശശികല വരെയുള്ളവര്‍ നല്‍കുന്ന ഐ.എസ്.ഒ പതിപ്പിച്ച രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തനിക്കും കവര്‍‌സ്റ്റോറിക്കും ഉദ്ദേശമില്ലെന്ന് പറഞ്ഞാണ് അവര്‍ പരിപാടിയുമായി തിരിച്ചെത്തിയിരിക്കുന്നത്.


തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ക്കായി കെ.പി ശശികലയടക്കമുള്ളവര്‍ നല്‍കുന്ന നല്ല ഐ.എസ്.ഒ സര്‍ട്ടിഫൈഡ് രാജ്യസ്‌നേഹ/ദേശീയതാ സര്‍ട്ടിഫിക്കറ്റുകള്‍ തനിക്ക് വേണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍.

ചെറിയ ഇടവേളയ്ക്കു ശേഷം അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിലെ കവര്‍‌സ്റ്റോറി എന്ന പരിപാടിയിലാണ് സിന്ധു സൂര്യകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യസ്‌നേഹത്തിനും ദേശീയതയ്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാലമാണിത്. ഹിന്ദു രക്ഷാസഭ, ഹിന്ദു രക്ഷാവേദി, ഹിന്ദു ഐക്യവേദി അങ്ങനെ തുടങ്ങി ഗാവ് സംരക്ഷണ സേന വരെയുള്ള സംഘടനകള്‍.  അവരില്‍ ആചാര്യ ഗിരിരാജ് കിഷോര്‍ മുതല്‍ കെ.പി ശശികല വരെയുള്ളവര്‍ നല്‍കുന്ന ഐ.എസ്.ഒ പതിപ്പിച്ച രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തനിക്കും കവര്‍‌സ്റ്റോറിക്കും ഉദ്ദേശമില്ലെന്ന് പറഞ്ഞാണ് അവര്‍ പരിപാടിയുമായി തിരിച്ചെത്തിയിരിക്കുന്നത്.


Also Read: മോദി ഹിന്ദുവിരുദ്ധന്‍; നോട്ട് നിരോധനം അദ്ദേഹത്തിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഹിന്ദു മഹാസഭ


സോഷ്യല്‍മീഡിയയിലൂടെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കടുത്ത ആക്രമണത്തിനു പിന്നാലെയാണ് പരിപാടിയില്‍ നിന്നും ചെറിയ കാലയളവിലേക്ക് സിന്ധു സൂര്യകുമാര്‍ വിട്ടുനിന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരക സിന്ധു സൂര്യകുമാര്‍ ദുര്‍ഗാ ദേവിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് സംഘപരിവാര്‍ തെറ്റായ പ്രചരണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം സിന്ധുവിന് നേരിടേണ്ടതായി വന്നു.

ഇതിനു പിന്നാലെയായിരുന്നു കവര്‍‌സ്റ്റോറിയുടെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കുന്നത്. ബി.ജെ.പി വിരുദ്ധ നിലപാടിന്റെ പേരില്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനു പിന്നാലെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണക്കിന് വിമര്‍ശിച്ചു കൊണ്ട് പരിപാടിയുമായി സിന്ധു സൂര്യകുമാര്‍ തിരിച്ചെത്തുന്നത്.

മോദി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സന്ദര്‍ശനവും പാക്കിസ്ഥാനുമായുള്ള ബന്ധവുമെല്ലാം ചര്‍ച്ചയായി. ഷെരീഫിന്റെ അമ്മക്ക് സാരി കൊടുക്കലും എല്ലാത്തിനും ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ മിണ്ടാതായ അവസ്ഥയേയുമൊക്കെം പരിപാടിയില്‍ കണക്കിന് കളിയാക്കുന്നുണ്ട്.

മാത്രമല്ല പത്താന്‍കോട്ട് പത്താന്‍ക്കോട്ട്, ഉറി ആക്രമണങ്ങളും നയതന്ത്ര വീഴ്ച്ചയും ചര്‍ച്ചയില്‍ സിന്ധു ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. പത്താന്‍കോട്ട് സൈനികതാവളം ആക്രമിക്കാന്‍ എത്തിയ ഭീകരരുടെ എണ്ണത്തില്‍ തുടങ്ങിയാണ് വിമര്‍ശനം. ആറെന്ന് പറഞ്ഞ് പിന്നീട് നാല് തീവ്രവാദികള്‍ മാത്രമാണെന്ന് പറഞ്ഞ വീഴ്ച്ചയാണ് സിന്ധു ചൂണ്ടിക്കാട്ടിയത്.


Also Read: ട്രഷറികളിലെ പ്രതിസന്ധി തീരാന്‍ ഒരുവര്‍ഷമെടുക്കുമെന്ന് തോമസ് ഐസക്ക്


ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ ഈ നടപടിയെ കള്ളത്തരമെന്ന് പാക്കിസ്ഥാന്‍ ആഘോഷിച്ച വിവരവും അവര്‍ ചൂണ്ടിക്കാട്ടി. വാക്കുകള്‍ക്ക് അപ്പുറത്തേക്ക് പ്രവര്‍ത്തനമൊന്നും നടന്നില്ലെന്നാണ് വിമര്‍ശനം. ഭീകരരുടെ എണ്ണത്തില്‍ രാജ്‌നാഥ് സിങ്ങടക്കമുള്ള പ്രമുഖര്‍ പറഞ്ഞ വൈരുദ്ധ്യവും ചര്‍ച്ചയില്‍ സിന്ധു ചൂണ്ടിക്കാട്ടുന്നു.

പിന്നീട് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇതില്‍ ചര്‍ച്ചയായി. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സൈനികരുടെ ജീവന് സുരക്ഷയൊരുക്കാന്‍ സാധിക്കുന്നില്ലെന്ന് സിന്ധു പരിപാടിയില്‍ ചോദിക്കുന്നു. സകലമാന രാജ്യസ്‌നേഹികളായ ഇന്ത്യാക്കാരെ സംഘടിക്കുവിന്‍ നമുക്ക് അപ്പുറത്തുള്ള നവാസ് ഷെരീഫിനെയും ഹാഫിസ് സഈദിനെയും ഭീകരന്‍മാരെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാം അങ്ങനെ നമ്മുടെ രാജ്യസ്‌നേഹം തെളിയിച്ചുകൊണ്ടേയിരിക്കാമെന്ന് പരിഹാസരൂപേണ സിന്ധു പറയുന്നു.

നോട്ട് നിരോധനവും തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയും പരിപാടിയില്‍ വിമര്‍ശനവിധേയമായി.

Latest Stories

We use cookies to give you the best possible experience. Learn more