'ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. അതിന് സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്': കോടിയേരി ബാലകൃഷ്ണന്‍
Kerala
'ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. അതിന് സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്': കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2017, 5:48 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് അതിക്രമത്തില്‍ ഡിജിപിയെ മാറ്റേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

“ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. അതിന് സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്”. അദ്ദേഹം പറയുന്നു.

അതേസമയം, മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസെടുത്ത നടപടി സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

നേരത്തെ, ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണം മാത്രമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഡി.ജി.പി ഓഫീസിനു മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്. തോക്കുസ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണറിയുന്നത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.


Also Read: ‘ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍…’; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധാഗ്നി ആളുന്നു


നേരത്തേ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു. ബാഹ്യ ഇടപെടല്‍ മൂലമാണ് സംഘര്‍ഷമുണ്ടായതെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതുപറയുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.

ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശാസിച്ചിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.