വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറ്റിയതില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ഇനിയൊന്നും പറയേണ്ട ആവശ്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഗാംഗുലി ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ചീഫ് സെലക്ടറാണ് ഇക്കര്യത്തില്‍ മറുപടി പറയേണ്ടതെന്നും മഞ്ജരേക്കര്‍ പറയുന്നത്.
ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജരേക്കര്‍ ഇക്കാര്യം പറയുന്നത്.
‘ബി.സി.സി.ഐ അധ്യക്ഷന്‍ എന്തിനാണ് ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രസ്താവന നടത്തേണ്ടത്. അത് സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്,’ മഞ്ജരേക്കര്‍ പറയുന്നു.
നേരത്തെ വിരാട്-ബി.സി.സി.ഐ വിഷയത്തില്‍ ഗാംഗുലിയേയും ബി.സി.സി.ഐയേയും വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
വിരാടിനെ പുറത്താക്കുമ്പോള്‍ സ്വന്തം അനുഭവം ഓര്‍ക്കണമായിരുന്നുവെന്നും, കോഹ്‌ലിയെ കാര്യങ്ങള്‍ കുറച്ച് മുന്‍പെങ്കിലും അറിയിക്കണമെന്നുമായിരുന്നു ഗാംഗുലിയുടെ സഹതാരമായിരുന്ന കീര്‍ത്തി ആസാദ് പറഞ്ഞത്.
രവിശാസ്ത്രിയും വെങ്‌സര്‍ക്കാരും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
‘വിരാട് തന്റെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. അതുപോലെ ബി.സി.സി.ഐ അധ്യക്ഷനും തന്റെ ഭാഗം പറയേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ ഇരുവരും തമ്മില്‍ നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തെ ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു,’ എന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്.