കൊച്ചി: ഐ.വി.എഫ് വഴിയുണ്ടായ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുള്ള കോളം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിംഗിള്‍ മദര്‍ നല്‍കിയ ഹരജിയില്‍ സുപ്രധാന വിധിയുമായി കേരളാ ഹൈക്കോടതി.
എട്ട് മാസം ഗര്‍ഭിണിയായ കൊല്ലം സ്വദേശിനിയാണ് ഹരജി സമര്‍പ്പിച്ചത്.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജീസ് (എ.ആര്‍.ടി) വഴി ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും പ്രത്യേക ഫോമുകള്‍ നിര്‍ദ്ദേശിക്കണമെന്ന് ജസ്റ്റിസ് സതീഷ് നൈനാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
സിംഗിള്‍ പാരന്റിന്റെയും അവിവാഹിതയായ അമ്മയുടെയും എ.ആര്‍.ടി വഴി ഗര്‍ഭം ധരിക്കാനുള്ള അവകാശം അംഗീകരിക്കപ്പെട്ടതാണെന്നും അത്തരമൊരു സാഹചര്യത്തില്‍ അച്ഛന്റെ പേര് ചോദിച്ചുകൊണ്ടുള്ള ഫോമുകള്‍ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
മനുഷ്യന്റെ അന്തസ്സ് ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘എ.ആര്‍.ടി നടപടിക്രമത്തിലൂടെ ഗര്‍ഭം ധരിച്ച ശേഷം നിയമപ്രകാരം നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളല്ലാതെ ബീജ ദാതാക്കളുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും അത് സ്വകാര്യതയുടെ അവകാശത്തിന്റെ പരിധിയില്‍ വരുന്നെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, ജനന മരണ രജിസ്‌ട്രേഷനായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഫോമില്‍ പിതാവിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.