ന്യൂദല്‍ഹി:പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ കോടതി ഉത്തരവുകളിലുണ്ടായി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഹിമ കോലി, പി.എസ് നരസിംഹ എന്നിവരടങ്ങുന്നതായിരുന്നു ബെഞ്ച്.
ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുന:പരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയായിരുന്നു പുരുഷാധിപത്യ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്.
ഈ കേസ് നേരത്തെ പരിഗണിച്ച മറ്റൊരു സുപ്രീം കോടതി ബെഞ്ച് ആണ്‍കുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കുടുംബത്തിലെ ഏക ആണ്‍കുഞ്ഞിന്റെ നഷ്ടം അവരുടെ പരമ്പരയെ മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസമുണ്ടാക്കുമെന്നും, വാര്‍ധക്യകാലത്ത് ഒപ്പമുണ്ടാകുമെന്ന് കരുതിയ മകന്റെ മരണം രക്ഷിതാക്കള്‍ക്ക് വേദനാജനകമായിരിക്കുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രസ്തുത നിരീക്ഷണത്തെ മുന്‍ നിര്‍ത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കുട്ടിയുടെ കൊലപാതകം ക്രൂരമാണെന്നും, എന്നാല്‍ ലിംഗ വിവേചനത്തെ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്.
ആണ്‍കുട്ടികള്‍ക്കേ കുടുംബ പരമ്പര മുന്നോട്ട് കൊണ്ടുപോകാനും വാര്‍ധക്യകാലങ്ങളില്‍ മാതാപിതാക്കളെ സംരക്ഷിക്കാനും കഴിയൂവെന്ന തരത്തിലുള്ള പൊതുബോധങ്ങളെ വളര്‍ത്താനുതകുന്ന സാഹചര്യങ്ങള്‍ കോടതികള്‍ സൃഷ്ടിക്കരുതെന്നും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന കാര്യം ഭരണഘടനാ കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് 2021ലെ അപര്‍ണ ഭട്ട്-മധ്യപ്രദേശ് സര്‍ക്കാര്‍ കേസില്‍ കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്ന കാര്യവും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
പീഡിപ്പിച്ച ആള്‍ക്ക് രാഖി കെട്ടി നല്‍കുന്നത് ജാമ്യത്തിനുള്ള ഉപാധിയായി പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു 2021ല്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സ്ത്രീകള്‍ ശാരീരികമായി ദുര്‍ബലരാണ്, സംരക്ഷണം വേണ്ടവരാണ്, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ ശേഷിയില്ലാത്തവരാണ്, ആണുങ്ങളാണ് കുടുംബത്തിന്റെ മേധാവികള്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കോടതികള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം.
Content Highlights: No need for patriarchy in court judgements: Supreme Court