ന്യൂദല്‍ഹി: അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അത്തരം നീക്കങ്ങള്‍ ഗുരുതരമായ അപകടമുണ്ടാക്കുമെന്നും കേന്ദ്രം പറഞ്ഞു.
അതിഥിതൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തന്നെ തിരിച്ചയക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുമ്പോഴാണ് അത്തരം നടപടി ഇപ്പോള്‍ ആവശ്യമില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
”തൊഴിലാളികള്‍ അവരുടെ തൊഴില്‍ സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മാറി അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകേണ്ട ആവശ്യമില്ല”, ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) വ്യക്തമാക്കി.
തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങള്‍ അവര്‍ ജോലി ചെയ്യുന്നിടത്ത് തന്നെ ഉറപ്പാക്കുന്നുണ്ടെന്നും തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ അതത് ഗ്രാമങ്ങളില്‍ ചെയ്ത്‌കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
”രാജ്യം അത്യപൂര്‍വ്വമായ ഒരു സാഹചര്യമാണ് കൈകാര്യം ചെയ്യുന്നത്, ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു വീഴ്ചയും വിലയേറിയ മനുഷ്യജീവിതം നഷ്ടപ്പെടുത്തിയേക്കാം. ഇത് പൊതുജന പ്രാധാന്യമുള്ള ഒരു ചോദ്യമാണ്, കുടിയേറ്റ തൊഴിലാളികളുടെ ഏതൊരു നീക്കവും അനുവദിക്കുന്നത് തീര്‍ച്ചയായും ഗുരുതരമായ ആരോഗ്യ അപകടത്തിന് കാരണമാകും, ഇത് പലരുടേയും ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം, ”റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് 37,978 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും 14.3 ലക്ഷത്തോളം പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.34 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 26,225 ഭക്ഷ്യ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 16.5 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അതത് തൊഴിലുടമകള്‍ പാര്‍പ്പിടവും ഭക്ഷണവും നല്‍കിയിട്ടുണ്ട്- റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മാഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മാറ്റുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്രവുമായി സംസാരിച്ച് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.