[share]
[] ന്യൂദല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. നിലവിലെ അന്വേഷണം തുടരുമെന്നും നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐയുടെയോ പുറമെയുള്ള മറ്റ് ഏജന്‍സിയെ കൊണ്ടോ അന്വേഷിപ്പിക്കേണ്ടെതില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
അതേ സമയം കലാപം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും കോടതി വിമര്‍ശിച്ചു. കലാപ സാധ്യത അറിയ്ക്കാത്തതിന് കേന്ദ്ര പ്രത്യേക അന്വേഷണ ഏജന്‍സിയെയും കോടതി വിമര്‍ശിച്ചു. അതേ സമയം കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം അഖിലേഷ് യാദവ് രാജിവെയ്ക്കണമെന്ന് ബി.ജെ.പി ആരോപിച്ചു.
കലാപത്തിലെ ഇരകള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ള നഷ്ടപരിഹാരത്തിന് പുറമെ അഞ്ച് ലക്ഷം രൂപ വീതം എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കലാപത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിച്ചത്.
കലാപത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സി.ബി.ഐയോ പ്രത്യേക അന്വേഷണ സംഘമോ വേണമെന്നും കലാപത്തിനിടയില്‍ ഉണ്ടായ ബലാത്സംഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിയ്ക്കണമെന്നും ഹരിജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് ഫാറൂണ്‍, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, മീററ്റ് ജില്ല ജാട്ട് മഹാസഭ, എന്‍.ജി.ഒ എന്നിവരുടെ ഹരജിയെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തെ യു.പി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുസാഫര്‍നഗറില്‍ കലാപമുണ്ടായത്. കലാപത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു.