| Saturday, 6th April 2013, 3:37 pm

ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ ഖേദിക്കുകയല്ല അഭിമാനിക്കുകയാണ് വേണ്ടത്; അദ്വാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ ഖേദിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി. ഇതില്‍ പ്രവര്‍ത്തകര്‍ അഭിമാനിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ബി.ജെ.പി യുടെ 33 ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. []

സമാജ് വാദി പാര്‍ട്ടി നേതാവ് നേതാവ് മുലായം യാദവ് അദ്വാനി സത്യസന്ധനായ നേതാവാണെന്നും ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറയുമ്പോഴായിരുന്നു അദ്വാനിയുടെ പരാമര്‍ശം.

മുലായം എന്നെ പ്രകീര്‍ത്തിച്ചത് എല്ലാവരും കേട്ടതാണ്

അദ്ദേഹം എന്നെ പുകഴ്ത്തിയതില്‍ പലരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നമ്മള്‍ പറയുന്നത് ശരിയായ കാര്യമാണെങ്കില്‍ അത് ലോകം അംഗീകരിക്കും. അക്കാര്യത്തില്‍ നമുക്ക് അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി നമ്മള്‍ പ്രക്ഷോഭം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ പശ്ചാത്തപിക്കേണ്ട കാര്യമില്ല. അഭിമാനിക്കുകയാണ് വേണ്ടത്-അദ്വാനി പറഞ്ഞു.

1992ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് വഴിവെച്ച സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.

2014ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൃദുഹിന്ദുത്വ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന സൂചനയാണ് അദ്വാനിയുടെ പരാമര്‍ശത്തില്‍ നിന്ന് ലഭിക്കുന്നത്.

ബാബ്‌റി മസ്ജിദ് പ്രചരണ വിഷയമാക്കിയപ്പോഴൊക്കെ ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

ഹിന്ദുത്വ അജണ്ടയിലൂന്നിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നാണ് അദ്വാനിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

അടുത്തിടെ നടന്ന ബിജെപി പുന:സംഘടനയില്‍ തീവ്രഹിന്ദുത്വ നിലപാടുള്ള ഉമാ ഭാരതി, വരുണ്‍ ഗാന്ധി എന്നിവരെ നേതൃനിരയിലേക്ക് കൊണ്ടുവന്നതും അദ്വാനിയുടെ പ്രസ്താവനയും ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍..

We use cookies to give you the best possible experience. Learn more