| Friday, 25th October 2024, 9:50 pm

ഗ്യാന്‍വ്യാപി മസ്ജിദില്‍ അധിക സര്‍വേ നടത്തേണ്ടതില്ല: വാരണാസി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: ഗ്യാന്‍വ്യാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധിക സര്‍വേ നടത്തണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി തള്ളി വാരണാസി കോടതി. യുഗുല്‍ ശംഭു അധ്യക്ഷനായ വാരണാസിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹരജി തള്ളിയത്.

എന്നാല്‍ ഹരജി തള്ളിയതിനെതിരെ അലഹബാദ് ഹൈക്കോടതിയെയോ ജില്ലാ കോടതിയെയോ സമീപിക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് ഹിന്ദു പക്ഷ അഭിഭാഷകന്‍ വിജയ് ശങ്കര്‍ റോസ്തഗി വ്യക്തമാക്കി.

ഫെബ്രുവരിയിലാണ് വാരണാസിയിലെ സിവില്‍ ജഡ്ജിയുടെ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ അഭിഭാഷകന്‍ വിജയ് റോസ്തഗി ഹരജി നല്‍കിയത്. ഗ്യാന്‍ വ്യാപിയില്‍ സമഗ്രമായ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഉത്തരവിടണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ജിയോ-റേഡിയോളജി സിസ്റ്റം, സെന്‍ട്രല്‍ ഡോം, നിലവറകള്‍, ഗേറ്റുകള്‍, അറകള്‍ എന്നിങ്ങനെയുള്ള എല്ലാ ഭാഗങ്ങളിലും നിലവിലുള്ള ഘടനയ്ക്ക് കേടുപാടുകള്‍ വരുത്താതെ സര്‍വേ നടത്തണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഗ്യാന്‍വാപി മസ്ജിദില്‍ അടഞ്ഞുകിടക്കുന്ന എല്ലാ ബേസ്മെന്റുകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സനാതന്‍ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിങ് വിശ്വ വേദ വാരാണസി ജില്ലാ കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നു.

അടഞ്ഞുകിടക്കുന്ന ബേസ്മെന്റുകള്‍ക്കുള്ളില്‍ രഹസ്യ നിലവറകള്‍ ഉണ്ടെന്നും ഗ്യാന്‍വാപി മസ്ജിദിന് പിന്നിലുള്ള മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിന് പള്ളിക്കുള്ളില്‍ സര്‍വേ നടത്തേണ്ടതുണ്ടെന്നുമായിരുന്നു ഹരജി.

Content Highlight: No need for additional survey of Gyanvyapi Masjid: Varanasi court

We use cookies to give you the best possible experience. Learn more