കള്‍ച്ചറല്‍ ഹിന്ദുവായ രാഹുല്‍ ഗാന്ധിയും കള്‍ച്ചറല്‍ മുസ്‌ലീങ്ങളായ മുസ്‌ലിം ലീഗും
Opinion
കള്‍ച്ചറല്‍ ഹിന്ദുവായ രാഹുല്‍ ഗാന്ധിയും കള്‍ച്ചറല്‍ മുസ്‌ലീങ്ങളായ മുസ്‌ലിം ലീഗും
താഹ മാടായി
Friday, 5th April 2024, 6:12 pm

രാഹുല്‍ ഗാന്ധിയുടെ വയനാട് റോഡ് ഷോയില്‍ നിന്ന് കോണ്‍ഗ്രസ് പതാക ഉയരത്തില്‍ പാറിക്കാതെ മാറ്റി വെച്ചതില്‍ മുസ്‌ലിം ലീഗ് വിജയിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് നേടിയ വമ്പിച്ച രാഷ്ട്രീയ വിജയമാണിത്. പച്ച കയ്യിലേന്തിയാല്‍ ഹാലിളകുന്ന സ്വന്തം അണികളെ നിയന്ത്രിക്കാനും മുസ്‌ലിം ലീഗ് നേതൃത്വത്തിന് സാധിച്ചു.

ഇതൊരു രാഷ്ട്രീയ അടവുനയമാണ്. നമ്മുടെ വോട്ട് കൊണ്ടാണ് കോണ്‍ഗ്രസ്സേ, മലബാറില്‍ നിങ്ങടെ കൊടി ഉയരത്തില്‍ പാറുന്നത് എന്ന് കോണ്‍ഗ്രസ്സിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ ലീഗിനായല്ലൊ?

ഞങ്ങളുടെ നാട്ടില്‍ ത്രിതല പഞ്ചായത്ത് ഇലക്ഷന്‍ സമയത്താണ് മുസ്‌ലിം ലീഗുകാര്‍ വീട്ടില്‍ വരുക. അതുവരെ അവരെവിടെ എന്നു ചോദിച്ചാല്‍, പഴയൊരു ‘ഉത്സാഹിയായ ലീഗ് ‘ നേതാവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: എപ്പോം നാട്ടുകാരെ സഹായിക്കേണ്ട ഗതികേടൊന്നും ഞങ്ങക്ക് വന്നിട്ടില്ല. തറവാടികള്‍ക്ക് പറഞ്ഞ പണിയൊന്നുമല്ല അത് ”.

ഞങ്ങളുടെ നാട്ടിലെ ഒരു പള്ളിക്കമ്മിറ്റിയില്‍, പള്ളി ഫണ്ടുമായി ബന്ധപ്പെട്ട ഏതോ സംശയം പാവപ്പെട്ട ഒരു തീരദേശമുസ്‌ലിം ചെറുപ്പക്കാരന്‍ യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ ലീഗ് പ്രമാണി പരിഹാസച്ചിരിയോടെ പറഞ്ഞു: നീ ആട ഇരിക്ക്. തറവാടികള്‍ സംസാരിക്കട്ടെ. കണക്കെല്ലാം ചോദിക്കാനും പറയാനും ഇവിടെ തറവാടികള്‍ ഉണ്ട്’.

തങ്ങന്മാരുടെയും തറവാടികളുടെയും പാര്‍ട്ടിയാണ്, മുസ്‌ലിം ലീഗ്. സത്യം പറയാമല്ലൊ, തങ്ങന്മാരുള്ളത് കൊണ്ട് ആ പാര്‍ട്ടിയില്‍ മാനവികതയുടെ ഒരു കാഴ്ചപ്പാടുണ്ട്. സമസ്ത സുന്നികള്‍ക്കാണ് ആ പാര്‍ട്ടിയോട് കൂറ് കൂടുതല്‍. കൂറിന് കണക്കു ചോദിച്ചപ്പോഴുണ്ടായ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ അവര്‍ തമ്മിലുണ്ട്.

വിചാരണയില്ലാതെ സ്വര്‍ഗ്ഗപ്രവേശനം ഉറപ്പു നല്‍കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം മുസ്‌ലിം ലീഗ് ആണെന്ന് ഏതോ മഹാന്‍ പ്രസംഗിച്ചത് ‘യൂ ട്യൂബി’ ല്‍ ഉണ്ട്. പടച്ചോന്റെ സ്വര്‍ഗത്തില്‍ പോകാന്‍ ആ പതാക കയ്യില്‍ പിടിച്ച്, രണ്ടു പാട്ടു പാടിയാല്‍ മതി. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ആ പതാക ഉയര്‍ത്തിയാല്‍, ഇന്നത്തെ കാലത്ത് ജനാധിപത്യത്തിന്റെ ഇന്ത്യന്‍ പാലം കടക്കാന്‍ ബുദ്ധിമുട്ടാണ്.

പച്ച കണ്ടാല്‍ ഹാലിളകുന്ന ഒരു കൂട്ടര്‍ വടക്കേയിന്ത്യയിലുണ്ട്. തെക്കും വടക്കും നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ചെറിയ ചെറിയ ജനാധിപത്യങ്ങള്‍ നാം മറച്ചു പിടിക്കണം. മുസ്‌ലിം ലീഗ് പതാക ഉയരത്തില്‍ പാറിക്കാതിരുന്നത് ഈ വിവേകത്തില്‍ നിന്നാണ്.

എന്നാല്‍, ഒരു ജനാധിപത്യവാദി എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന കാര്യം ഇതാണ്:

ഇതെങ്ങനെ സാധിച്ചു?

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പച്ചപ്പതാക ഉയര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ എത്ര വട്ടമേശ സമ്മേളനങ്ങള്‍ നടത്തിയിരിക്കും? ഒരു അനുരഞ്ജന ഫോര്‍മുല എന്ന നിലയിലായിരിക്കുമല്ലോ, ‘ഞങ്ങളെ പതാകയില്ലെങ്കില്‍ നിങ്ങളെ പതാകയും പാറില്ല’ എന്ന ധാരണയിലെത്തിച്ചേരുക.

വയനാട് ഹരിതാഭമായ നാടാണ്, അപ്പോള്‍ പച്ച പതാക വീശിയാലുമില്ലെങ്കിലും, പ്രകൃതിദത്തമായി തന്നെ ആ നിറം അവിടെയുണ്ട്. ലീഗ് വിജയിച്ചു.

നാം മനസ്സിലാക്കേണ്ടത്, ഇന്ത്യ എത്തി നില്‍ക്കുന്ന അവസ്ഥയെക്കുറിച്ചാണ്. അനേകം ‘കലര്‍പ്പുക’ളോടെ നിലനില്‍ക്കുന്ന, ബഹു സ്വരതയുടെ ഉള്‍പുളകങ്ങള്‍ ഉള്ള ഇന്ത്യയില്‍ പതാകയുടെ നിറം പോലും പ്രശ്‌നമാണ്. മുസ്‌ലിം അപരത്വ നിര്‍മ്മിതിയുടെ ആഴമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ചേര്‍ത്തു നിര്‍ത്തുന്ന പ്രസ്ഥാനങ്ങളില്‍ നിന്ന് പോലും ഒരു തരം അന്യതാ ബോധം അനുഭവപ്പെടുത്തുന്ന സമീപനങ്ങള്‍ വരുന്നു.

ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം ലീഗിനെ പരിഹസിക്കുകയാണോ വേണ്ടത്? ഒരു ബര്‍മുഡ ട്രയാഗിളില്‍ പെട്ട് ജനാധിപത്യം തന്നെ അപ്രത്യക്ഷമാകുമോ എന്ന ഭയത്തിന്റെ ചുഴിയില്‍ പെട്ടു നില്‍ക്കുമ്പോള്‍ ഒരു പതാകയേക്കാള്‍ വലുതല്ലേ, മറ്റെന്തുമെന്നാലോചിക്കുന്നതില്‍ എന്താണ് തെറ്റ്?

നാം ഈ സന്ദര്‍ഭത്തില്‍ ലണ്ടനില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കുക. നാസ്തികരുടെ ദൈവം റിച്ചാര്‍ഡ് ഡാക്കിന്‍സ് ലണ്ടന്‍ തെരുവുകളില്‍ കാണുന്ന റമദാന്‍ ആഘോഷങ്ങളില്‍ അസ്വസ്ഥനാണ്. കേരളത്തിലെ നവനാസ്തികര്‍ ഈ വിഷയം അറിഞ്ഞിട്ടുണ്ടോ എന്ന് നിശ്ചയമില്ല. റിച്ചാര്‍ഡ് ഡാക്കിന്‍സ് സ്വയം നിര്‍വചിക്കുന്നത്, ‘ഞാനൊരു സാംസ്‌കാരിക ക്രിസ്ത്യാനി ‘എന്നാണ്.

അത് പ്രധാനപ്പെട്ട ഒരു വ്യക്തിത്വ വിശദീകരണമാണ്. ഇവിടെയുള്ള നവ നാസ്തികര്‍ സാംസ്‌കാരിക ഹിന്ദുത്വ പ്ലാറ്റ് ഫോമില്‍ നിലയുറപ്പിച്ചു കൊണ്ടാണ് മിക്കവാറും ഇസ്ലാമിക വിമര്‍ശനം നടത്തുന്നത്. നാസ്തികനായിരിക്കുക, സാംസ്‌കാരിക ക്രിസ്ത്യാനിയായിരിക്കുക ഇതു രണ്ടും സാധ്യമാകുന്ന നാസ്തിക ലോകം രൂപപ്പെടുകയാണ്. ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു വരുന്നതില്‍ സന്തുഷ്ടനാണെങ്കിലും, മനോഹരമായ ക്രിസ്തീയ കത്തീഡ്രലുകള്‍ നഷ്ടപ്പെടുന്നതില്‍ അദ്ദേഹം ദു:ഖിതനാണ്. ക്രിസ്റ്റ്യാനിറ്റിക്കു പകരം മറ്റൊരു മതം ബദലല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ നാസ്തിക ദൈവം പറഞ്ഞതില്‍ ഒരു സത്യമുണ്ട്. ഒരു സാംസ്‌കാരിക സ്വത്വത്തെക്കുറിച്ചാണ് അതോര്‍മ്മിപ്പിക്കുന്നത്. കള്‍ച്ചറല്‍ ക്രിസ്ത്യാനിറ്റിയെ പോലെ, കള്‍ച്ചറല്‍ ഹിന്ദുത്വ, കള്‍ച്ചറല്‍ ഇസ്ലാമിസം തുടങ്ങിയ സാംസ്‌കാരിക മതാത്മക സ്വത്വങ്ങള്‍. ആഗോളതലത്തില്‍ ഇസ്ലാമിക സാംസ്‌കാരിക സ്വത്വങ്ങള്‍ പല ഭയങ്ങളുടെയും കേന്ദ്ര ബിന്ദുവാണ്.

ഈ ഭയം ഉല്‍പാദിപ്പിക്കുന്നതില്‍ മുസ്‌ലിം മതമൗലിക വാദികള്‍ വഹിച്ചു പോരുന്ന പങ്കും ചെറുതല്ല. ഇങ്ങനെ ഒരു ഭയത്തിന്റെ നാല്‍ക്കവലയിലാണ് ഇന്ത്യന്‍ സാംസ്‌കാരിക വര്‍ത്തമാനം. സാംസ്‌കാരിക ഹിന്ദുത്വത്തെയേയും കൂടി ചേര്‍ത്തു പിടിക്കാന്‍ ബാധ്യസ്ഥമായ ഒരു കോണ്‍ഗ്രസിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ നാം കാണേണ്ടതുണ്ട്. മൃദു ഹിന്ദുത്വം എന്ന വിളിപ്പേരുള്ള ഹിന്ദുത്വ പ്രീണനം.

അപ്പോള്‍ കോണ്‍ഗ്രസ് എന്ത് ചെയ്യും?

റിച്ചാര്‍ഡ് ഡാക്കിന്‍സിനെ പോലെ, നാസ്തികനായിരിക്കുമ്പോഴും കള്‍ച്ചറല്‍ ഐഡന്റിറ്റി പുറത്തെടുക്കും.

കാവിയുടെ ബദല്‍ പച്ചയല്ല.

പക്ഷെ, കോണ്‍ഗ്രസ് പതാക അല്ലേ? ആ പതാകയും വീശിയില്ല.

ഇന്ത്യയില്‍ ജനാധിപത്യ ബദലുകള്‍ രൂപപ്പെടുത്തുന്ന ഒരു കോണ്‍ഗ്രസ്സിനെ നമുക്കിതില്‍ കാണാം.

 

താഹ മാടായി
എഴുത്തുകാരന്‍