| Monday, 28th December 2015, 4:57 pm

പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷികവരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് ഇനി പാചകവാതക സബ്‌സിഡി ലഭ്യമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുക. നിലവില്‍ കുറഞ്ഞ നിരക്കില്‍ വര്‍ഷം 12 സിലിണ്ടല്‍ ലഭിച്ചിരുന്നവര്‍ക്ക് ഇനിമുതല്‍ കമ്പോള വിലയില്‍ പാചക വാതകം വാങ്ങേണ്ടി വരും.

വരുമാനം കൂടുതലുള്ളവര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ “ഗിവ് ഇറ്റ് അപ്” എന്ന പേരില്‍ പ്രചരണപരിപാടികള്‍ നടത്തിയിരുന്നു. രാജ്യത്ത് ആകെയുള്ള 16 കോടി എല്‍.പി.ജി ഉപഭോക്താക്കളില്‍ 57 ലക്ഷം ആളുകള്‍ തങ്ങളുടെ സബ്‌സിഡി തിരിച്ച് നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ആവശ്യമുള്ളവര്‍ക്ക് പാചകവാതകം നല്‍കക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പെട്രോളിയം മന്ത്രി ദര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നേരിട്ട വിലയിടിവ് രാജ്യത്ത് സബ്‌സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ തമ്മിലുള്ള വിലവ്യത്യാസം ഗണ്യമായി കുറയാനിടയാക്കിയിരുന്നു. ദല്‍ഹിയില്‍ സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 417.82 ഉം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 606.50 രൂപയുമാണ്. ഇതും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more