തിരുവനന്തപുരം: നടന്‍ മുരളിയുടേതുള്‍പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമകള്‍ ഇനി മുതല്‍ നിര്‍മിക്കേണ്ടതില്ലെന്ന് കേരള സംഗീത നാടക അക്കാദമി. ഇത്തരത്തില്‍ പ്രതിമ നിര്‍മിച്ച് തുടങ്ങിയാല്‍ എല്ലാവരെയും ഒരു പോലെ പരിഗണിക്കേണ്ടി വരുമെന്നും അക്കാദമി അറിയിച്ചു.
ഈ രീതി തുടരുകയാണെങ്കില്‍ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, തിക്കോടിയന്‍, കെ.പി.എ.സി ലളിത തുടങ്ങിയ മുന്‍കാല അധ്യക്ഷന്‍മാരുടെയെല്ലാം പ്രതിമകള്‍ സ്ഥാപിക്കേണ്ടി വരും. അത് വേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. വിവാദമായ നടന്‍ മുരളിയുടെ വെങ്കല പ്രതിമ നിര്‍മാണവും പുനപരിശോധിക്കില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് മുരളിയുടെ വെങ്കല പ്രതിമ നിര്‍മാണം വിവാദമായിരുന്നു. 2009ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെ അന്തരിച്ച മുരളിയുടെ, കരിങ്കല്‍ശില്പം അക്കാദമിയില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശില്‍പത്തിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമകള്‍ നിര്‍മിക്കണ്ടതില്ലെന്ന അക്കാദമിയുടെ തീരുമാനം.
നിലവില്‍ മുരളിയുടെ രണ്ട് കരിങ്കല്‍ പ്രതിമ അക്കാദമി വളപ്പിലുണ്ട്. ആദ്യ ശില്പത്തിന് മുരളിയുടെ രൂപസാദൃശ്യം ഇല്ലാത്തതിനാല്‍ മറ്റൊരു ശില്‍പം പണിയുകയായിരുന്നു. എന്നാല്‍ ഈ പ്രതിമക്കും മുരളിയുടെ ഛായ ഇല്ലെന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം.
വിവാദം വന്നതോട് കൂടി പ്രതിമ ഉണ്ടാക്കിയ ശില്‍പി രാജനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
അതിനിടയില്‍ പ്രതിമ നിര്‍മിച്ചത് ശില്‍പി വില്‍സണ്‍ പൂക്കായി ആണെന്ന് പറഞ്ഞുള്ള വ്യാജ പ്രചരണവും മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ നടത്തി. എന്നാല്‍ ആ പ്രതിമ തന്റേതല്ലെന്നും തന്റെ പ്രതിമ ആരെയും കാണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമക്ക് വേണ്ടി വില്‍സണ്‍ 5.70 ലക്ഷം രൂപ നിര്‍മാണച്ചെലവ് കണക്കാക്കിയാണ് കരാര്‍ നല്‍കിയതെന്നും നിര്‍മിച്ച പ്രതിമക്ക് മുരളിയുമായി സാദൃശ്യം ഇല്ലായിരുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.
എന്നാല്‍ ഇപ്പോള്‍ അക്കാദമി വളപ്പിലുള്ളത് കല്‍പ്രതിമയാണെന്നും ഇത് മുരളിക്ക് ആദരാഞ്ജലിയായി, ‘ലങ്കാലക്ഷ്മി’ നാടകത്തിലെ രാവണരൂപത്തെ ശില്‍പി രാജന്‍ കരിങ്കല്ലില്‍ തീര്‍ത്തതാണെന്നും ഇതിന് 50,000 രൂപയില്‍ താഴെ മാത്രമാണ് അക്കാദമിക്ക് ചെലവായതെന്നും അക്കാദമി മുന്‍ സെക്രട്ടറി സി.രാവുണ്ണി പറഞ്ഞു.
content highlight: No more statues; Kerala Sangeetha Nataka Akademi with decision after controversies