ലക്‌നൗ: നിങ്ങള്‍ക്ക് ലക്‌നൗവിലെ ചരിത്ര പ്രാധാന്യമുള്ള ആ ഇമാംബറ കാണണോ? എങ്കില്‍ ആദ്യം നിങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ‘ഡീസന്റ്’ വസ്ത്രങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തൂ. പറയുന്നത് മറ്റാരുമല്ല. ലക്‌നൗവിലെ ജില്ലാകോടതി മജിസ്‌ട്രേറ്റാണ്. ലക്‌നൗവിലെ ഷിയ സമുദായവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ ഈ സദാചാര പരമായ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
‘ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ മിതമായ മേല്‍വസ്ത്രങ്ങളോ ധരിക്കുന്നവര്‍ക്ക് ലക്‌നൗവിലെ ചെറിയ ഇമാംബറിലും വലിയ ഇമാംബറിലും പ്രവേശനമില്ല. സന്ദര്‍ശകര്‍ അവരുടെ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ സ്മാരകം കാണാനെത്തുമ്പോള്‍ മനസ് ശുദ്ധമായിരക്കണം’ കൗശല്‍ രാജ് ശര്‍മ്മ പറയുന്നു.
കൂടാതെ സ്മാരകത്തിന്റെ ഫോട്ടോകളും വീഡിയോയും പകര്‍ത്തുന്നതും മജിസ്‌ട്രേറ്റ് തടഞ്ഞു. മതവികാരത്തെ വൃണപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് ആരെങ്കിലുമെത്തിയാല്‍ അവരെ തടഞ്ഞ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഗാര്‍ഡുകളും ഗൈഡുകളും തയ്യാറാകണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.
ശരീരം പുറത്ത് കാണുന്നതും കൃത്യവുമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് സഞ്ചാരികള്‍ സ്മാരകം സന്ദര്‍ശിക്കാനെത്തിയതാണ് ജില്ലയിലെ ഷിയ നേതാക്കളെ ചൊടിപ്പിച്ചത്. ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷിയ നേതാക്കളും ചരിത്രകാരന്മാരുമടങ്ങുന്ന സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ജില്ലാ ഭരണകൂടത്തിനും കത്തയച്ചിരുന്നു. അമൃത്സറിലെ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തിന് നിബന്ധനങ്ങള്‍ ഉണ്ടായിരിക്കെ എന്തുകൊണ്ടാണ് ഇമാംബരകളെ ഒഴിവാക്കുന്നത് എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിച്ചത്.