| Monday, 28th August 2023, 11:59 pm

ജയിലറിലെ വില്ലന്‍ ആര്‍.സി.ബി ജേഴ്സി ധരിച്ചു; നഷ്ട്ടം ഉണ്ടായെന്ന് ടീമുടമകള്‍; നീക്കം ചെയ്യണമെന്ന് കോടതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്ത് ചിത്രം ജയിലറില്‍ നിന്ന് ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്‌സി നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി.

സിനിമയില്‍ ആര്‍.സി.ബി ജേഴ്‌സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി കാണിച്ച് ആര്‍.സി.ബി ഉടമകളായ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയില്‍ നിന്ന് ജേഴ്‌സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു.

ജയിലര്‍ നിര്‍മാതാക്കളായ സണ്‍ ടി.വി നെറ്റ്വര്‍ക്കിനും കലാനിഥി മാരനും എതിരായായിരുന്നു പരാതി. സെപ്തംബര്‍ ഒന്നിനു മുമ്പ് ജേഴ്‌സി എഡിറ്റ് ചെയ്ത് മാറ്റുകയോ മറ്റേതെങ്കിലും തരത്തില്‍ മറയ്ക്കുകയോ ചെയ്യണമെന്ന് ഇവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

സെപ്തംബര്‍ ഒന്ന് മുതല്‍ ഒരു തീയറ്ററിലും ആര്‍.സി.ബി ജേഴ്‌സി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലായെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇക്കാര്യത്തില്‍ ഇരു സംഘങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്. ആര്‍.സി.ബി ജേഴ്‌സിയുടെ പ്രധാന നിറങ്ങളും സ്‌പോണ്‍സര്‍മാരുടെ പേരുകളും നീക്കം ചെയ്യാമെന്ന് സിനിമാ നിര്‍മാതാക്കള്‍ ക്ലബ് ഉടമകളെ അറിയിച്ചു.

ആര്‍.സി.ബി ജേഴ്‌സിയാണെന്ന് അറിയാത്ത തരത്തില്‍ മാറ്റം വരുത്താമെന്നാണ് സിനിമാ നിര്‍മാതാക്കളുടെ നിലപാട്. ഈ തിരുത്ത് ടെലിവിഷന്‍, ഒ.ടി.ടി റിലീസിനും ബാധകമാക്കുമെന്നും സണ്‍ ടിവി നെറ്റ്വര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

അതേസമയം റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോള്‍ തമഴിലെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലര്‍. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പികിചേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.

റിലീസ് ചെയ്ത് 15 ദിവസം പിന്നിട്ടപ്പോള്‍ സിനിമ 525 കോടിയാണ് നേടിയത് എങ്കില്‍ 17 ദിവസം ആയപ്പോള്‍ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ കളക്ഷന്‍ 535 കോടി പിന്നിട്ടു.

വാരാന്ത്യം അവസാനിക്കുമ്പോള്‍ കളക്ഷന്‍ ഇനിയും കൂടും എന്നാണ് റിപ്പോര്‍ട്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: No more RCB jersey in jailer movie delhi highcourt issued order for removal

We use cookies to give you the best possible experience. Learn more