ഒന്നര വര്‍ഷത്തേക്ക് സംസ്ഥാനത്ത് അരിവില വര്‍ധിക്കില്ല: അനൂപ് ജേക്കബ്
Kerala
ഒന്നര വര്‍ഷത്തേക്ക് സംസ്ഥാനത്ത് അരിവില വര്‍ധിക്കില്ല: അനൂപ് ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2013, 6:00 am

[]തിരുവന്തപുരം: ഒന്നര വര്‍ഷത്തേക്ക് സംസ്ഥാനത്ത് അരിവില വര്‍ധിക്കില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ 35ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റഷന്‍ വ്യാപാരികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ പൊതുവിതരണ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ കഴിഞ്ഞത് പൊതുവിതരണ സമ്പ്രദായത്തിന്റെ ശക്തമായ ഇടപെടലുകള്‍കൊണ്ടാണ്.

റേഷന്‍ വ്യാപാരികളുടെ കുടിശ്ശിക സമയബന്ധിതമായി നല്‍കും. റേഷന്‍കടകളില്‍ നടത്തുന്ന പോലീസ് പരിശോധനകള്‍ ബോധപൂര്‍വം ആരേയും വേദനിപ്പിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടിയല്ല.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാണ്. പ്രവര്‍ത്തനം നൂറു ശതമാനം കുറ്റമറ്റ രീതിയിലാക്കാന്‍ ശ്രമിക്കണം. റേഷന്‍ വ്യാപാരികളെ ഗവണ്‍മെന്റ് ശത്രുക്കളായല്ല കാണുന്നത്.

കമ്പ്യൂട്ടര്‍വത്കരണം ഉള്‍പ്പെടെയുള്ള സമൂലമായ മാറ്റങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തില്‍ കടന്നുവരികയാണ്. തിരുവനന്തപുരം ജില്ലയില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.