[]മുംബൈ: ബോളിവുഡ് താരമായ വിന്ദു ധാരാ സിങ്ങിന് ഇപ്പോഴും എല്ലാം ഒരു ദു:സ്വപ്‌നം പോലെയാണ് തോന്നുന്നത്.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അകപ്പെട്ട് 13 ദിവസം ജയിലില്‍ കിടന്നെന്ന് വിശ്വസിക്കാനാവുന്നില്ല വിന്ദുവിന്. ഇനി ക്രിക്കറ്റുമായോ ക്രിക്കറ്റ് താരങ്ങളുമായോ യാതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്ന് വിന്ദു ഉറപ്പിച്ചു പറയുന്നു. []
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് അവര്‍ എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എനിയ്ക്ക് തിരിച്ചെത്താനാവുമെന്നായിരുന്നു കരുതിയത്.
ഉച്ചയൂണ് കഴിക്കാറാമ്പോഴേക്കും തിരിച്ചെത്താമെന്ന് പറഞ്ഞാണ് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നത്. എന്നാല്‍ പിന്നീട് വീട് കാണുന്നത് 13 ദിവസത്തിന് ശേഷമാണ്.
എന്റെ ഭാര്യ എന്റെ കൂടെയുണ്ട്. എന്റെ നിരപരാധിത്വം അവര്‍ക്കറിയാം. ജയിലില്‍ എന്നെ കാണാന്‍ വീട്ടുകാരെല്ലാവരും എത്തി. ഞാന്‍ നിരപരാധിയാണെന്ന് അവരോട് പറഞ്ഞു.
അതായിരുന്നു അവര്‍ക്ക് കേള്‍ക്കേണ്ടിയിരുന്നതും. ഇത്തരമൊരു കേസില്‍ ഞാന്‍ പെടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ തന്നെയാണ് എന്റെ കുടുംബം അതാണ് എന്റെ ശക്തിയും.
ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ആയിരക്കണക്കിന് ആള്‍ക്കാര്‍ ക്രിക്കറ്റ് കളി കാണുമ്പോള്‍ ബെറ്റ് വെക്കാറുണ്ട്. ഞാനും അതേ ചെയ്തുള്ളൂ. ക്രിക്കറ്റ് കളിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മത്സരത്തോടേ വെറുപ്പാണ്.
ഞാന്‍ ക്രിക്കറ്റ് കാണുമ്പോള്‍ എന്റെ സഹോദരന്‍ ചോദിക്കുമായിരുന്നു എന്തിനാണ് ഇങ്ങനെ സമയം വെറുതെ കളയുന്നത് എന്ന്, അന്ന് ഞാന്‍ അതിനെ എതിര്‍ത്ത് സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എന്റെ വിലപ്പെട്ട സമയം ക്രിക്കറ്റ് കളി കണ്ട് പാഴാക്കുകയായിരുന്നു എന്ന്.
ഇനി എന്തായാലും ക്രിക്കറ്റ് എന്ന മത്സരം കാണാന്‍ പോലും ഞാനില്ല, അത്രയ്‌ക്കേറെ അനുഭവിച്ചു- വിന്ദു പറയുന്നു.