ഇനി യാതൊരു പരിഗണനയുമില്ല, തീപ്പന്തം പോലെ കത്തും ഞാന്‍: പി.വി. അന്‍വര്‍
Kerala News
ഇനി യാതൊരു പരിഗണനയുമില്ല, തീപ്പന്തം പോലെ കത്തും ഞാന്‍: പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2024, 5:01 pm

മലപ്പുറം: ഇടതുപക്ഷപ്രസ്ഥാനം സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് അകന്നുപോയെന്നും താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വര്‍. ഞാന്‍ പ്രതികരിക്കുന്നത് സമൂഹത്തിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ആരാണ് സത്യം പറഞ്ഞതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വിമര്‍ശിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അന്‍വര്‍.

 കൂടെനില്‍ക്കാന്‍ ആളുണ്ടെങ്കില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന് പറഞ്ഞ അന്‍വര്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യാടനം നടത്തുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

നിരന്തരമായ ആരോപണങ്ങളിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പി.വി അന്‍വര്‍ എല്‍.ഡി.എഫുമായുള്ള തന്റെ എല്ലാ ബന്ധവും അവസാനിച്ചെന്ന് എം.വി .ഗോവിന്ദന്‍ പറഞ്ഞെങ്കില്‍ അതായിരിക്കും യാഥാര്‍ത്ഥ്യമെന്നും ഇനി തീപ്പന്തം പോലെ താന്‍ ജ്വലിക്കാന്‍ പോവുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

‘എം.എല്‍.എ ബന്ധം അവസാനിച്ചു എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ അതായിരിക്കും സത്യം.  ഇവിടെ പാര്‍ട്ടിയുടെ സാധാരാണക്കാരായ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കാനാവുന്നില്ല. കോണ്‍ഗ്രസിന് സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ വോട്ടുണ്ട്. ബി.ജെ.പിക്ക് ഹൈന്ദവ വോട്ടുകളുണ്ട്. മുസ്‌ലിം ലീഗിന് മുസ്‌ലിങ്ങളുടെ വോട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടുത്തെ സാധാരണക്കാരുടെ വോട്ടുകളാണുള്ളത്.

ഈ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് അവര്‍ക്ക് സാന്ത്വനമാകുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ പാവപ്പെട്ടവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ഗവണ്‍മെന്റില്‍ ഒരു സ്വാധീനവുമില്ല. അവര്‍ മറ്റ് അധികാരസ്ഥാനത്തിരിക്കുന്നവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കും. പാര്‍ട്ടി ഓഫീസുകളില്‍ പ്രശ്‌നങ്ങളുമായി ആളുകള്‍ വരാതായി. കാരണം അവര്‍ക്ക് അതില്‍ ഇടപെടാനുള്ള സാധിക്കുന്നില്ല എന്നത് തന്നെയാണ് കാരണം.

കൃത്യമായ അന്വേഷണം നടക്കുന്നു എന്ന് എം.വി.ഗോവിന്ദന്‍ അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ അത് അന്വേഷണമാകുമോ? എടവണ്ണ സ്വദേശി റിദാന്‍ ബാസില്‍ കൊലക്കേസില്‍ ഞാന്‍ കൊടുത്ത പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണ്.

ആ കേസ് മുക്കിയ എടവണ്ണ പോലീസ് തന്നെ കഴിഞ്ഞ ദിവസം, റിദാന്റെ കാണാതായ ഫോണ്‍ കിട്ടിയെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഞാന്‍ ആവശ്യപ്പെട്ട അന്വേഷണം നിലച്ചു.

എന്നാല്‍ അജിത്ത് കുമാറിന്റെ ആവശ്യപ്രകാരം നേരെ ആ പരാതി പ്രത്യേക സംഘത്തിന്റെ കൈയില്‍ നിന്ന് പൊലീസിലേക്ക് പേയി. ഇതാണോ ‘സത്യസന്ധമായ അന്വേഷണം’ നടത്തുമെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. എന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ സ്വര്‍ണം കൊണ്ടുവന്ന 158 പ്രതികളില്‍ ഒരാളെ പോലും വിളിച്ച് അന്വേഷിച്ചിട്ടില്ല.

വസ്തുനിഷ്ഠമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ അത് ശരിയായ അന്വേഷണമാവണമെന്നില്ല. തനിക്കെതിരെ മൂര്‍ദ്ധാബാദ് എന്ന് വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് തന്നെ പിന്നീട് തനിക്ക് വേണ്ടി സിന്ദാബാദ് എന്ന് വിളിപ്പിച്ചിട്ടുണ്ട്. 2016ല്‍ സി.പി.ഐ.എം എനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം പോലും ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല,’ അന്‍വര്‍ പറഞ്ഞു.

Content Highlight: No more considerations, I will burn like a fireball says P.V. Anwar