| Sunday, 12th January 2020, 2:53 pm

കൈക്കൂലി കൊടുക്കാന്‍ കാശില്ല; പോത്തിനെയും കൊണ്ട് തഹ്‌സില്‍ദാരുടെ ഓഫീസിലെത്തി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: കൈക്കൂലി ആവശ്യപ്പെട്ട തുക കൊടുക്കാനില്ലാത്തതിനാല്‍ വീട്ടിലുണ്ടായിരുന്ന പോത്തിനെ തഹ്‌സില്‍ദാരുടെ ഓഫീസിലേക്ക് കൊണ്ടുവന്ന് യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.

പൂര്‍വികമായി ലഭിച്ച സ്വത്തിലെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ശരിയാക്കുന്നതിന് വേണ്ടിയായിരുന്നു നൗദിയ ഗ്രാമവാസിയായ രാംകാളി പട്ടേല്‍ തഹ്‌സില്‍ദാരുടെ ഓഫീസിലെത്തിയത്. രേഖകളിലെ പേരുവിവരങ്ങള്‍ ശരിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട പണം നല്‍കാനില്ലാത്തത് കൊണ്ടാണ് തുകയ്ക്ക് പകരമായി പോത്തിനെ നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ടൈംസ്‌നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം ആവശ്യപ്പെട്ട 10,000 രൂപ കൈക്കൂലി കൊടുത്തതിന് ശേഷവും രേഖകള്‍ ശരിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും രണ്ടാം തവണയും അത്രയും തുക തന്നെ ആവശ്യപ്പെട്ടെന്നും യുവതി അറിയിച്ചു. തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ പോത്തിനെ നല്‍കാന്‍ തീരുമാനിച്ചതെന്നും രാംകാളി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കഴിഞ്ഞ നവംബറില്‍ തന്നെ യുവതിയുടെ അപേക്ഷയില്‍ തീര്‍പ്പാക്കിയിരുന്നെന്നും ഇത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് രാംകാളിക്ക് നല്‍കിയിരുന്നെന്നും തഹ്‌സില്‍ദാര്‍ അറിയിച്ചു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പോത്തിനെയും കൊണ്ട് യുവതി ഓഫീസില്‍ വരാന്‍ കാരണമെന്നാണ് തഹ്‌സില്‍ദാര്‍ ആരോപിക്കുന്നത്.

യുവതിക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മധ്യപ്രദേശിലെ കഹ്രഗാപൂരില്‍ കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം നടന്നിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്താനെത്തിയ കര്‍ഷകനില്‍ നിന്നും 50,000 രൂപ കൈക്കൂലിയായി കൈപ്പറ്റിയ ശേഷവും ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ റവന്യൂ ഓഫീസറുടെ വാഹനത്തില്‍ തന്റെ പോത്തിനെ കെട്ടിയിടുകയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more