ന്യൂദല്‍ഹി: എച്ച്.എസ്.ബി.സി ബാങ്ക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കള്ളപ്പണക്കാരുടെ ലിസ്റ്റില്‍ പകുതിയോളം അക്കൗണ്ടുകളില്‍ പണമില്ലെന്ന് കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബാക്കിയുള്ള നൂറോളം അക്കൗണ്ടുകള്‍ വ്യാജമാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.
ജനീവയിലെ എച്ച്.എസ്.ബി.സി സമര്‍പ്പിച്ച 628 പേരുടെ ലിസ്റ്റിലെ 300 ഓളം പേര്‍ക്കെതിരെ ഇപ്പോള്‍ ആദായ നികുതി വകുപ്പ് നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.
എച്ച്.എസ്.ബി.സി നല്‍കിയ ലിസ്റ്റില്‍ 289 അക്കൗണ്ടുകളില്‍ പണമൊന്നുമില്ലെന്നും അതില്‍ 122 അക്കൗണ്ടുകളുടെ വിവരങ്ങള്‍ രണ്ടുതവണ ലിസ്റ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ അക്കൗണ്ടുകളെ ഇടപാടുകളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ അക്കൗണ്ടുകളുടെ ഉടമകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.
അതേസമയം നിയമ വിരുദ്ധമായ പണമിടപാടുകള്‍ തടയുന്നതിനായി ഇന്ത്യക്ക് മറ്റു രാജ്യങ്ങളുമായുള്ള നികുതി വിവര കൈമാറ്റ ഉടമ്പടികള്‍ പുനക്രമീകരിക്കാനുള്ള മാര്‍ഗ്ഗങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.