ഇ.വി.എമ്മിലേയും വി.വിപാറ്റിലേയും വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വിശദീകരണവുമായി ബി.ഇ.എല്‍
D' Election 2019
ഇ.വി.എമ്മിലേയും വി.വിപാറ്റിലേയും വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വിശദീകരണവുമായി ബി.ഇ.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 5:55 pm

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളിലെയും വി.വിപാറ്റിലെയും വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എല്‍). ബി.ഇ.എല്‍ കമ്പനിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്.

‘വോട്ടിങ് യന്ത്രങ്ങളിലെയും വി.വിപാറ്റിലേയും വോട്ടുകള്‍ പൊരുത്തക്കേട് ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇ.വി.എമ്മിലേയും വിവിപാറ്റിലേയും വോട്ടുകള്‍ വ്യത്യാസം വരാന്‍ ഒരു സാധ്യതയുമില്ല’, കമ്പനി ചെയര്‍മാന്‍ എം.വി ഗൗതമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവിപാറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഇ.വി.എമ്മില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനാവില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ.വി.എമ്മുകളെ ഉപയോഗപ്പെടുത്തി മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് അതിജീവിക്കാന്‍ സാധിക്കൂ. ഇ.വി.എമ്മില്‍ കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് വിവിപാറ്റുകള്‍ ഉപയോഗിക്കുന്നത്. കൃത്രിമം നടന്നാല്‍ത്തന്നെ അത് വിവിപാറ്റിലൂടെ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ പേപ്പര്‍ ബാലറ്റില്‍ ആരെങ്കിലും കൃത്രിമം നടത്തിയാല്‍ അത് കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്കെല്ലാവര്‍ക്കുവേണ്ടിയും, ജനാധിപത്യത്തിനുവേണ്ടിയും വോട്ടെടുപ്പില്‍ ഇ.വി.എം ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ എല്ലാ ജനങ്ങളോടും അപേക്ഷിക്കുകയാണ്. ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ഇ.വി.എമ്മിനെ കുറച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാം’. എല്ലാ മെഷീനുകളും അടുത്ത 45 ദിവസം വരെ സുരക്ഷിതസ്ഥലങ്ങളില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ലക്ഷം വോട്ടിങ് മെഷീനുകളാണ് ബി.ഇ.എല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.