ലയന സാധ്യത തള്ളി എന്‍.സി.പി; കോണ്‍ഗ്രസുമായി സഖ്യം തുടരും
India
ലയന സാധ്യത തള്ളി എന്‍.സി.പി; കോണ്‍ഗ്രസുമായി സഖ്യം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 9:05 am

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായുള്ള ലയന സാധ്യത തള്ളിക്കളഞ്ഞ് എന്‍.സി.പി. നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യമായ സീറ്റ് വേണമെന്ന നിര്‍ദേശവും എന്‍.സി.പി മുന്നോട്ടു വെക്കും. ലോക്‌സഭാ പരാജയത്തെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ചും ശരദ് പവാറിന്റെ നേതൃത്വത്തില്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍.സി.പി നേതാവ് ശരത് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലയന സാധ്യതയെക്കുറിച്ച് ചര്‍ച്ചകളുയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പും, മഹാരാഷ്ട്രയിലെ വരള്‍ച്ചയുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ശരദ് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു.

‘ലയനത്തിന് ഒരു സാധ്യതയുമില്ല. എന്‍.സി.പി സ്വതന്ത്രമായി നിലകൊള്ളും. എതിര്‍ പാര്‍ട്ടികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ സത്യമില്ലെന്ന് പാര്‍ട്ടിയിലെ എല്ലാവരും പറയണം’- എന്‍.സി.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് അജിത് പവാര്‍ പറഞ്ഞു.

ലയനത്തെക്കുറിച്ചുള്ള വാര്‍ത്ത കള്ളമാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീലും മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ തുല്യമായ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനോട് ഉന്നയിക്കുമെന്നും അ്‌ദ്ദേഹം സൂചിപ്പിച്ചു. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യം തകര്‍ന്നത്.

എന്നാല്‍ ഇപ്രാവശ്യം സഖ്യത്തില്‍ യാതൊരു വിള്ളലുമുണ്ടാവരുതെന്ന് എന്‍.സി.പിക്ക് നിര്‍ബന്ധമുണ്ട്. സഖ്യത്തില്‍ പ്രതിസന്ധി ഇല്ലെന്ന് ഉറപ്പു വരുത്തുമെന്ന് എന്‍.സി.പി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് മഹാരാഷട്രയില്‍ നിന്ന് നാലു സീറ്റും കോണ്‍ഗ്രസിന് ഒന്നുമാണ് ലഭിച്ചത്. 2014ല്‍ കോണ്‍ഗ്രസിന് രണ്ട് എം.പിമാരുണ്ടായിരുന്നു.