| Monday, 11th November 2024, 8:57 am

സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ പറഞ്ഞത് നുണ, മുഖ്യമന്ത്രി ബിരേനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല: കുക്കി എം.എൽ.എമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഹാവാത്തി: സോളിസിറ്റർ ജനറൽ (എസ്‌.ജി) സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കുക്കി എം.എൽ.എമാർ. കഴിഞ്ഞ വർഷം മെയ് മൂന്ന് മുതൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പത്ത് കുക്കി എം.എൽ.എമാർ ഞായറാഴ്ച വ്യക്തമാക്കി.

‘മുഖ്യമന്ത്രി എല്ലാ കുക്കി എം.എൽ.എമാരെയും കാണുകയും സമാധാനം സ്ഥാപിക്കാൻ ചർച്ചകൾ ചെയ്തു എന്ന് എസ്.ജി തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചത് നുണയും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യവുമാണെന്ന് എം.എൽ.എമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്ത് ഉണ്ടായ വർഗീയ കലാപത്തിൽ സിങ്ങിൻ്റെ പങ്ക് ചൂണ്ടിക്കാണിക്കുന്ന ശബ്ദരേഖ പരിശോധിക്കുമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു . വിചാരണയ്ക്കിടെ, ടേപ്പുകൾ കോടതി പരിശോധിച്ചതിനെതിരെ വാദിക്കവേ, സിങ് കുക്കി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് മേത്ത പറയുകയായിരുന്നു. ഇതിനെതിരെയാണ് കുക്കി എം.എൽ.എമാർ രംഗത്തെത്തിയത്.

‘2024 നവംബർ എട്ടിന് നടന്ന സുപ്രീം കോടതി വാദത്തിനിടെ മുഖ്യമന്ത്രി എല്ലാ കുക്കി എം.എൽ.എമാരെയും കാണുകയും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ സമർപ്പിച്ചതായി ഞങ്ങൾ, പത്ത് എം.എൽ.എമാർ അറിഞ്ഞു.

എന്നാൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ പറഞ്ഞത് നുണയാണെന്നും അത് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ഞങ്ങൾ ഇതിനാൽ വ്യക്തമായി പ്രസ്താവിക്കുന്നു,’ എം.എൽ.എമാരുടെ പ്രസ്താവനയിൽ പറയുന്നു.

2023 മെയ് മൂന്ന് മുതൽ തങ്ങൾ സിങ്ങിനെ കണ്ടിട്ടില്ലെന്നും ഭാവിയിൽ അദ്ദേഹത്തെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. ‘ഇംഫാൽ താഴ്‌വരയിൽ നിന്നുള്ള ഞങ്ങളുടെ ജനങ്ങൾക്കെതിരെയുള്ള ആക്രമണത്തിനും വംശീയ ഉന്മൂലനത്തിനും പിന്നിലെ സൂത്രധാരൻ അദ്ദേഹമാണ്’ എം.എൽ.എമാർ ആരോപിച്ചു.

എം.എൽ.എ.മാരായ ഹാക്കോലെറ്റ് കിപ്‌ജെൻ, നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്, എൻഗുർസാംഗ്ലൂർ സനേറ്റ്, പൗലിയൻലാൽ ഹാക്കിപ്, എൽ.എം ഖൗട്ട്, ലെറ്റ്‌സാമാങ് ഹോക്കിപ്, കിംനിയോ ഹാക്കിപ് ഹാങ്‌ഷിംഗ്, ചിൻലുന്താങ്, നുനെസാഗിൻ വാൽട്ടെ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും പുതിയ അക്രമസംഭവങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു. പ്രദേശത്ത് കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിട്ടും വ്യാഴാഴ്ച ജിരിബാം ജില്ലയിൽ സോസാങ്കിം ഹമർ കൊല്ലപ്പെട്ടതിൽ എം.എൽ.എമാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘ ഒരു സ്ത്രീയെ മെയ്തികൾ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,’ എം.എൽ.എമാർ പറഞ്ഞു.

Content Highlight: No Meeting with CM Biren’: Kuki MLAs Say Solicitor General Told ‘Blatant Lie’ in Apex Court

We use cookies to give you the best possible experience. Learn more