ന്യൂദല്‍ഹി: നവരാത്രി ദിവസങ്ങളില്‍ സുപ്രീം കോടതി കാന്റീനുകളില്‍ മാംസാഹാരങ്ങളും ഉള്ളിയും വിളമ്പില്ലെന്ന തീരുമാനം പിന്‍വലിച്ചു. വിഷയത്തില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കാണിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധിക്കുകയും സുപ്രീം കോടതി ബാര്‍ അസോസിയേഷന് കത്തയക്കുകയും ചെയ്തിരുന്നു. പിന്നാലെ മാംസം വിളമ്പുന്നത് നിര്‍ത്താന്‍ കരാറുകാരനോട് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ പറയുകയായിരുന്നു.
കാന്റീനില്‍ മാംസാഹാരം വിളമ്പാതിരിക്കുന്നത് തെറ്റായ മാതൃകയാണെന്നും ഇത് സമൂഹത്തില്‍ തെറ്റായ മനോഭാവം സൃഷ്ടിക്കുന്നതിന് കാരണമാവുമെന്നും ബാര്‍ അസോസിയേഷന് അഭിഭാഷകര്‍ അയച്ച കത്തില്‍ പറയുന്നു.
സുപ്രീം കോടതിയില്‍ എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കണമെന്നും അതിനെതിരായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇന്ത്യയുടെ ബഹുസ്വരതയെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ ആളുകളില്‍ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുമെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ അനുവദിക്കുന്നത് മറ്റ് പല അടിച്ചേല്‍പ്പിക്കലുകള്‍ക്കും കാരണമാകുമെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ആവശ്യാനുസരണം നവരാത്രി മെനു വേണ്ടവര്‍ക്ക് നല്‍കുന്നതില്‍ യോജിപ്പുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് സുപ്രീം കോടതി ക്യാന്റീനില്‍ മാംസാഹാരങ്ങളും ഉള്ളിയും അടങ്ങിയ ഭക്ഷണങ്ങള്‍ വിളമ്പുന്നത് ഒഴിവാക്കുന്നത്. ക്യാന്റീന്‍ നടത്തുന്ന കരാറുകാരനാണ് തീരുമാനമെടുത്തത്.
ഇതിനെ തുടര്‍ന്ന് ഹിന്ദുമതസ്ഥരടക്കം നവരാത്രിവരെ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്നതില്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ബാര്‍ അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കത്തയക്കുകയായിരുന്നു.
Content Highlight: no meat served in supreme court canteen in navarathri days, decision withdrawn after protest