| Friday, 4th December 2020, 6:49 pm

ഫലം വരുന്നതിന് മുന്‍പേ വിജയമുറപ്പിച്ച് ട്വീറ്റിട്ട് നാണംകെട്ട് ബി.ജെ.പി; തോല്‍വി ഉറപ്പിച്ചപ്പോള്‍ അട്ടിമറിയെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പോസ്റ്റല്‍ ബാലറ്റുകളിലെ നേട്ടം കണ്ട് വിജയമുറപ്പിച്ച് ട്വീറ്റിട്ട് പരിഹാസ്യരായി ബി.ജെ.പി നേതാക്കള്‍. രാവിലെ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ ബി.ജെ.പിയ്ക്ക് അനുകൂലമായ സാഹചര്യമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയില്‍ ബി.ജെ.പി ജയിക്കുന്നു എന്ന തരത്തില്‍ നേതാക്കാളും അനുഭാവികളും ആഘോഷം തുടങ്ങുകയായിരുന്നു. നടിമാരായ ഖുശ്ബു സുന്ദര്‍, കങ്കണ റണൗത്ത്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ ട്വിറ്ററില്‍ ‘ആഘോഷം’ തുടങ്ങിയിരുന്നു.

എന്നാല്‍ വോട്ടെണ്ണല്‍ തുടര്‍ന്നപ്പോള്‍ ബി.ജെ.പിയ്ക്ക് മേധാവിത്വം നഷ്ടമാകുകയായിരുന്നു.

തമിഴ്‌നാട്ടിലും ബി.ജെ.പി സമാനമായ വിജയം കൊയ്യുമെന്നായിരുന്നു അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി ഖുശ്ബു ട്വീറ്റ് ചെയ്തത്.

ബി.ജെ.പി പുതിയ ദേശങ്ങളിലെക്ക് സ്വാധീനം വ്യാപിപ്പിക്കുന്നുവെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 72 സീറ്റില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു എന്ന ട്വീറ്റും കങ്കണ പങ്കുവെച്ചിരുന്നു.

നേരത്തെ ബി.ജെ.പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ ലീഡ് കുറഞ്ഞിരുന്നു.

55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു.

150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

അതേസമയം തിരിച്ചടിയ്ക്ക് പിന്നാലെ വോട്ടെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഡിസംബര്‍ ഒന്നിന് നടന്ന വോട്ടെടുപ്പില്‍ തിരിമറി നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എം.പി ബണ്ടി സഞ്ജയ് പറഞ്ഞു.

‘നാല് മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിടത്ത് നിന്ന് ആറ് മണിയായപ്പോഴേക്ക് 46.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അവസാന മണിക്കൂറില്‍ പോളിംഗിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം’, സഞ്ജയ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No Matter Who Wins In Hyderabad Local Polls, BJP Will Celebrate

We use cookies to give you the best possible experience. Learn more