| Monday, 31st January 2022, 9:40 pm

ആ മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ല, പിന്നെ ശേഷിച്ചയാളെ നിയമിച്ചു; ആരും ഇടതുപക്ഷ പ്രവര്‍ത്തകരുടെ നെഞ്ചത്ത് കേറണ്ട: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍ അല്ലേ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമപ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂയെന്നും അതിലൊരാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാന്‍ വിസമ്മതം അറിയിക്കുയായിരുന്നെന്ന് ജലീല്‍ പറഞ്ഞു.

‘അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാന്‍ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഇല്ലായിരുന്നു.
ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട,’ ജലീല്‍ വിശദീകരിച്ചു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ നേരത്തെ ആരോപിച്ചിരുന്നത്.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.

കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസിന് മഹാത്മഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.

അതേസമയം, ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ ആക്ഷേപങ്ങള്‍ വ്യക്തിപരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല, വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അഭിപ്രായം പറഞ്ഞത്. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. ജലീല്‍ ഉയര്‍ത്തിയ തരത്തിലുള്ള ആരോപണം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.


Content Highlights: No matter how much the gentleman insisted, he did not take the position, and then appointed the remaining KT. Jaleel

We use cookies to give you the best possible experience. Learn more