| Sunday, 22nd December 2024, 9:08 pm

എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനങ്ങളെ തുറന്ന് കാണിക്കുകതന്നെ ചെയ്യും: എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളെ തുറന്ന് കാണിക്കുകതന്നെ ചെയ്യുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ . വിജയരാഘവന്‍. വര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ അനുകൂല നിലപാട് ഇനിയും തുറന്നെതിര്‍ക്കുമെന്നും എ.വിജയരാഘവന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തങ്ങളായ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുനേടാമെന്നാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കേരളത്തിലെ എല്ലാ വര്‍ഗീയതയോടും സന്ധി ചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ഇപ്പോള്‍ വിവിധ വര്‍ഗീയതകള്‍ കേരളത്തിലെ ഓരോ കുടുംബത്തെയും വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത എന്ന നിലയില്‍ ഈ ശ്രമം ദീര്‍ഘകാലമായി നടത്തിവരുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതകൂടി ആ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിന്റെ പുരോഗമന മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഉണ്ടാവുക,’  വിജയരാഘവന്‍ പറഞ്ഞു.

കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകര്‍ക്കാനും ഇടതുപക്ഷ മതേതര മുന്നേറ്റങ്ങളെ തടയാനുമാണ് പലരുടെയും ശ്രമമെന്നും പറഞ്ഞ അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് നടന്നതെന്നും ഈ സത്യം പറയാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിയായി എതിര്‍ക്കുമെന്ന് പറഞ്ഞ വിജയരാഘവന്‍ അതിനര്‍ത്ഥം ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കാന്‍ പാടില്ല എന്നല്ലെന്നും ആ വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുന്നവരോട് നമുക്ക് സഹതപിക്കാനേ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയില്‍ തമ്പടിച്ച കോണ്‍ഗ്രസിന് വര്‍ഗീയ ശക്തികളെ വിമര്‍ശിക്കാന്‍ ഒരിക്കലും പറ്റില്ലെന്നും ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള വഴിയായാണ് വര്‍ഗീയതയെ അവര്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്ര മുസ്‌ലിം വര്‍ഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയെന്നും ഇത് രാജ്യമാകെ അവര്‍ പ്രചരണ വിഷയമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘അതിന് ബി.ജെ.പിക്ക് അവസരം നല്‍കിയതിലൂടെ വലിയൊരു തെറ്റാണ് കോണ്‍ഗ്രസ്സ് ചെയ്തതെന്നും ന്യൂനപക്ഷ വര്‍ഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവര്‍ കേരളത്തിന്റെ പുരോഗമന അടിത്തറ തകര്‍ക്കുകയെന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കി. സംഘപരിവാറിനെ ഉള്ളിലൂടെ പരിലാളിക്കുന്നത് ഒരുവശത്ത് നടക്കുമ്പോള്‍ത്തന്നെ പ്രകടമായി ഇസ്‌ലാമിക തീവ്രവര്‍ഗീയ വാദികളെയും കൂട്ടുപിടിക്കുന്നു. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തെളിയിക്കുന്നത്,’ വിജയരാഘവന്‍ കുറിച്ചു.

പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്.ഡി.പി.ഐയുടെ പ്രകടനത്തോടെയാണെന്നും ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ജമാ-അത്തെ ഇസ്‌ലാമി ആക്ഷേപിച്ചിട്ടും കോണ്‍ഗ്രസ്സ് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും അതില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് എന്താണെന്ന് ഒരു മാധ്യമവും അവരോട് ചോദിച്ചിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാധ്യമ പരിലാളന വെച്ചുകൊണ്ടും മാധ്യമങ്ങളെ ഉപയോഗിച്ചും ഇത്തരം ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവരെ കോണ്‍ഗ്രസ് ആക്ഷേപിക്കുകയാണെന്നും എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളെ തുറന്നുകാണിക്കുകതന്നെ ചെയ്യുമെന്നും വിജയരാഘവന്‍ പറയുകയുണ്ടായി.

മാധ്യമങ്ങളെ പേടിച്ചോ പ്രതിപക്ഷം വിലയ്‌ക്കെടുത്തിരിക്കുന്ന സോഷ്യല്‍ മീഡിയ കൂലിസംഘത്തെ പേടിച്ചോ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതിരിക്കും എന്ന് കരുതരുതെന്നും തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിര്‍ക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയതയെ മുറിച്ചുകടക്കലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിപ്രധാനമെന്നും ഇതിനുള്ള ശ്രമങ്ങളാണ് സി.പി.ഐ.എം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരുപള്ളിയില്‍ നിന്ന് തുടങ്ങി മൂന്നിലെത്തി മുപ്പതെണ്ണത്തെക്കുറിച്ച് പറഞ്ഞ് മുപ്പതിനായിരം പള്ളി പൊളിക്കുന്ന അജന്‍ഡയുമായി സംഘപരിവാറിന് മുന്നോട്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ നാടിനെ ഭിന്നിപ്പിക്കുകയാണെന്നും ഒരുതരത്തിലുള്ള സാമൂഹ്യമുന്നേറ്റവും ഇന്ത്യയില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു തരത്തിലുള്ള ചര്‍ച്ചയും പാര്‍ലമെന്റില്‍ നടക്കുന്നില്ല. മൂന്നാമതും അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണന വഖഫ് നിയമം ഭേദഗതിചെയ്യുന്നതിലാണ്. മുസ്‌ലിം വിരുദ്ധതയാണ് ഇതിന് പിന്നില്‍. അടുത്തത് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പാണ്. ഇതിന് ഭരണഘടന ഭേദഗതിചെയ്യണം. അതിനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ബി.ജെ.പിക്കില്ല. എന്നിട്ടും ആ അജണ്ട ചര്‍ച്ച ചെയ്യാനും അത് സജീവമായി നിര്‍ത്താനും ഭരണ വൈകല്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുമായി ഇത്തരം വിഷയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖല പിടിക്കാനുള്ള ആര്‍.എസ്.എസിന്റെ മാസ്റ്റര്‍ പ്ലാനാണ് മണിപ്പുരില്‍ നടക്കുന്ന കലാപമെന്നും ആദിവാസികളെ വരെ വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം കേരളത്തിലും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും ഈ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ വേണ്ട നയവും നിലപാടുകളും എടുത്ത് മുന്നോട്ട് പോകുകയാണ് മതനിരപേക്ഷ കക്ഷികളുടെ അടിയന്തിര കടമയെന്നും കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് ജയിച്ചതെന്ന വിജയരാഘവന്റെ പരാമര്‍ശത്തില്‍ വിജയരാഘവന് നേരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു വിജയരാഘവന്‍ പരാമര്‍ശം നടത്തിയത്.

Content Highlight: No matter how much it is criticized, the communal favors carried out by the Congress will be exposed; According to A. Vijayaraghavan

We use cookies to give you the best possible experience. Learn more