D' Election 2019
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലിസ്റ്റില്‍ മലപ്പുറത്തിന്റെ പേരൊഴിവാക്കി കോണ്‍ഗ്രസ്; വണ്ടൂരിനെ 'വണ്ടൂര്‍ ജില്ല'യാക്കിയത് സംഘപരിവാറിനെ ഭയന്നിട്ടെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 17, 11:17 am
Wednesday, 17th April 2019, 4:47 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികളുടെ ലിസ്റ്റില്‍ മലപ്പുറത്തിന്റെ പേരൊഴിവാക്കി. വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളുടെ കൂട്ടത്തിലാണ് ‘വണ്ടൂര്‍’ ജില്ലയും കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി ക്ഷേത്രം. കോഴിക്കോട് തിരുവമ്പാടി, പാലക്കാട് തൃത്താല എന്നീ സ്ഥലങ്ങളില്‍ രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറയുന്ന വെബ്‌സൈറ്റില്‍ വണ്ടൂര്‍ ജില്ലയിലെ വണ്ടൂരില്‍ സിയന്ന ഓഡിറ്റോറിയത്തിന് സമീപമുള്ള പി.എം ഗ്രൗണ്ടില്‍ സംസാരിക്കുമെന്നാണ് പറയുന്നത്.

മറ്റു ജില്ലകളുടെ പേര് പറഞ്ഞിട്ടും സന്ദര്‍ശന ലിസ്റ്റില്‍ നിന്ന് മലപ്പുറത്തിന്റെ പേര് പരാമര്‍ശിക്കാതിരുന്നത് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രചരണത്തെ ഭയന്നിട്ടാണെന്നാണ് വിമര്‍ശനം. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ ബി.ജെ.പി കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ വ്യാജപ്രചരണം ഉണ്ടായിട്ടും രാഹുല്‍ഗാന്ധി അതിനെ പ്രതിരോധിച്ചിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.