| Monday, 18th November 2019, 3:20 pm

'കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ എനിക്ക് വലിയ റോളുണ്ടാകില്ല'; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശയിലാക്കി ഡി.കെ ശിവകുമാര്‍; കാരണം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ട്രബിള്‍ ഷൂട്ടര്‍ എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്. പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാനുള്ള പ്രാപ്തി തന്നെയാണ് അദ്ദേഹത്തെ അങ്ങനെയൊരു വിശേഷണത്തിന് അര്‍ഹനാക്കിയതും.

എന്നാല്‍ കള്ളപ്പണം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട് ഡി.കെയെ എന്‍ഫോഴ്‌സമെന്റ് അറസ്റ്റ് ചെയ്തത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച് ഡി.കെ പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി.

കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബി.ജെ.പിക്ക് പ്രഹരം നല്‍കാന്‍ ഡി.കെ തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ നിന്ന് നയിക്കുമെന്നായിരുന്നു പ്രവര്‍ത്തകര്‍ കണക്കുകൂട്ടിയത്.

എന്നാല്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളൊന്നുമുണ്ടാകില്ലെന്ന ഡി.കെയുടെ പ്രസ്താവന നേതൃത്വത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധിക ചുമതലകളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ലെന്നാണ് ഡി.കെ വ്യക്തമാക്കിയത്.

എന്നാല്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിക്കാത്തത് എന്ന ചോദ്യത്തിന് കേസുമായി ബന്ധപ്പെട്ട് നിയമപരമായി താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പാര്‍ട്ടിക്ക് അറിയാവുന്നതുകൊണ്ടാണ് അതെന്നായിരുന്നു ഡി.കെയുടെ മറുപടി. കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ തന്റെ കടമ കഴിയുന്നത്ര ഭംഗിയായി നിര്‍വഹിക്കുമെന്നും ഡി.കെ പറഞ്ഞു.

യശ്വന്ത്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും കെ.പി.സി.സി അധ്യക്ഷനും തീരുമാനിക്കുമെന്നായിരുന്നു ഡി.കെയുടെ മറുപടി.

”പരിമിതികള്‍ കാരണം പാര്‍ട്ടിയുടെ ഏതാനും മീറ്റിംഗുകളില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം വിജയിക്കും എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”- ഡി.കെ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ കൂടുതലും പഴയ മൈസൂര്‍ മേഖലയിലാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് പഴയ മൈസൂര്‍ അറിയപ്പെടുന്നത്. 15 സീറ്റുകളിലേക്കാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏഴോ എട്ടോ സീറ്റുകളിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാനാവൂ.

ഈ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വാഭാവികമായും ഡി.കെ ശിവകുമാര്‍ സജീവമായിറങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. മണ്ഡലങ്ങളിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തിന്റെ പിന്തുണ അദ്ദേഹത്തിനുള്ളതുകൊണ്ടായിരുന്നു അത്.

മണ്ഡലങ്ങളില്‍ നേരത്തെ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പ്രവര്‍ത്തകര്‍ക്ക് ശിവകുമാറിന്റെ തിരിച്ചുവരവ് വലിയ ആശ്വാസമായിരുന്നു.

കര്‍ണാടകയില്‍ കുമാരസ്വാമി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മറിച്ചിടാനുള്ള ബി.ജെ.പിയുടെ പല ശ്രമങ്ങളും ചെറുത്തത് ഡി.കെയായിരുന്നു.
കര്‍ണാടക പി.സി.സി അധ്യക്ഷനായി അദ്ദേഹത്തെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു എന്‍ഫോഴ്‌സമെന്റിന്റെ അറസ്റ്റ് പോലും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ഡി.കെ ശിവകുമാര്‍. ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം വൊക്കിലിഗ സമുദായ പ്രവര്‍ത്തകരും തെരവിലിറങ്ങിയിരുന്നു.

ഇതേ സമുദായത്തെ കണ്ടാണ് ജനതാദളും ശിവകുമാറിന് വേണ്ടി പ്രക്ഷോഭത്തില്‍ സജീവമായത്. ബി.ജെ.പി നേതാക്കള്‍ പോലും ശിവകുമാറിന്റെ അറസ്റ്റിനെ വ്യക്തുപരമായി അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.

ഗുജറാത്തില്‍ 2017 ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകത്തിലെത്തിച്ച് സംരക്ഷിച്ചത് ശിവകുമാറായിരുന്നു. ഇതിന് പിന്നാലെ 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ ദല്‍ഹിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. തുടര്‍ന്ന് 2018 സെപ്റ്റംബറിലാണ് ശിവകുമാറിനെ ഇ.ഡി കേസെടുത്തത്.

We use cookies to give you the best possible experience. Learn more