| Tuesday, 5th May 2015, 8:00 am

ജോലിയുള്ള കാര്യം മറച്ചുവെച്ചു ഭാര്യയ്ക്ക് ജീവനാംശമില്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജോലിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ച സ്ത്രീയ്ക്ക് ഇടയ്ക്കാല ജീവനാംശം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. കുടുംബക്കോടതിയുടെ പ്രിന്‍സിപ്പല്‍ ജഡ്ജ് ലക്ഷ്മി റാവുവിന്റേതാണ് വിധി.

മാസം 60,000 രൂപ ജീവനാംശവും നിയമനടപടികള്‍ക്കുള്ള ചിലവായി 75,000 രൂപയും അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

“ഭാര്യ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന എതിര്‍പക്ഷ വാദന്യായം അംഗീകരിക്കുന്നു. മികച്ച ജോലിയ്ക്കായി ആദ്യ ജോലി ഉപേക്ഷിച്ച ഇവര്‍ 2014ല്‍ ആറുമാസം സിഡിഎസി കോഴ്‌സിനു ചേര്‍ന്നു. കോഴ്‌സിനുശേഷം നേരത്തെയുണ്ടായിരുന്ന ജോലിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ കൂടുതല്‍ മികച്ച ജോലി കിട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ കോടതിയില്‍ നിന്നു മറച്ചുവെച്ചു.” ജഡ്ജി വിലയിരുത്തുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി നല്‍കുകയായിരുന്നു. 2013 ഡിസംബര്‍ 26നു വിവാഹിതരായശേഷം 2014 സെപ്റ്റംബര്‍ 4 മുതല്‍ ഭാര്യ തന്റെ വീട് ഉപേക്ഷിച്ച് ചെമ്പൂരിലുള്ള സ്വന്തം വീട്ടിലാണു താമസിക്കുന്നതെന്നാണ് ഭര്‍ത്താവ് പരാതിയില്‍ പറയുന്നത്.

2014 ജൂണ്‍ 30 വരെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഭാര്യ. പിന്നീട് ജോലി ഉപേക്ഷിച്ച് കോഴ്‌സ് ചെയ്യുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ബാധ്യത തന്റെ മേലാണെന്നും യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ബി.ഇയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തില്‍ സീനിയര്‍ എഞ്ചിനിയറായി 16 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് 1.5 ലക്ഷം രൂപ മാസം ശമ്പളമായി കിട്ടുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. ഇതിനു പുറമേ ഒരു ബംഗ്ലാവും ഫ്‌ളാറ്റും ഉണ്ടെന്നും അതില്‍ നിന്നും മാസം വാടകയിനത്തില്‍ 25,000 രൂപ ലഭിക്കുന്നുണ്ടെന്നും യുവതി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ജീവനാംശം വേണമെന്ന ഭാര്യയുടെ വാദത്തെ ഭര്‍ത്താവ് എതിര്‍ത്തു. 2010 മുതല്‍ മാനസിക രോഗത്തിനു ചികിത്സതേടുന്നുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് അവര്‍ വിവാഹം നടത്തിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാഗ്രഹിച്ച് ഭാര്യ സ്വയം വീടുവിട്ട് പോവുകയാണുണ്ടായതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു.

കൂടാതെ ഭാര്യ തന്റെ ഓഫീസില്‍ നിരന്തരം വന്ന് ശല്യം ചെയ്യാറുണ്ടെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഇതിനു പുറമേ അവര്‍ ഇപ്പോള്‍ 25,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നതിനു തെളിവും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്ഥിരമായി വരുമാനം ലഭിക്കുന്ന ബാങ്ക് ഡെപ്പോസിറ്റും അവര്‍ക്കുണ്ട്. അവരുടെ അമ്മയ്ക്ക് കാറ്ററിങ് ബിസിനസാണ്. സഹോദരിമാര്‍ക്കെല്ലാം ജോലിയുണ്ട് എന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു.

സൗജന്യ നിയമ സഹായം ലഭിക്കുന്ന സാഹചര്യത്തിലും അവര്‍ സ്വകാര്യ അഭിഭാഷകനെയാണ് കേസേല്‍പ്പിച്ചത്. നിയമനടപടികള്‍ക്കുള്ള ചിലവ് വഹിക്കാനുള്ള വരുമാനം അവര്‍ക്കുണ്ടെന്നും ഭര്‍ത്താവ് വാദിച്ചു.

തുടര്‍ന്ന് യുവതിയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. നിയമനടപടികള്‍ക്കുള്ള ചിലവു വേണമെന്ന ആവശ്യവും കോടതി തള്ളി. ഇക്കാര്യം പരിശോധിച്ച് ആവശ്യമാണെങ്കില്‍ അന്തിമവിധി പുറപ്പെടുവിക്കുന്ന സമയത്ത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more