പ്രണയിക്കില്ലെന്ന് പെണ്‍കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ധീരതപുരസ്‌ക്കാര ജേതാവ് സെന്‍ സദാവര്‍ത്തെ
national news
പ്രണയിക്കില്ലെന്ന് പെണ്‍കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ധീരതപുരസ്‌ക്കാര ജേതാവ് സെന്‍ സദാവര്‍ത്തെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 3:04 pm

മുംബൈ: പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളേജ് മാനേജ്‌മെന്റിനെതിരെ എഫ്.ഐ .ആര്‍ എടുക്കണമെന്നാവശ്യപ്പെട്ട് ധീരതാ പുരസ്‌ക്കാര ജേതാവായ 12 വയസ്സുകാരി സെന്‍ സദാവര്‍ത്തെ.

അമരാവതിയിലെ മഹിളാ ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളേജിലെ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സെന്നിന്റെ ആവശ്യം.

സംഭവം ഭരണഘടനാ വിരുദ്ധമാണെന്നും തങ്ങളുടെ  ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും സെന്‍ പറഞ്ഞു.

ഇത് വ്യക്തമായും മനുസ്മൃതിയില്‍ ഊന്നിക്കൊണ്ടുള്ളതും ലിംഗ അസമത്വം കാണിക്കുന്നതുമായ പ്രവൃത്തിയാണെന്നും തീര്‍ച്ചയായും ഇതിനെതിരെ ഉചിതമായ പരാതി നല്‍കണമെന്നും സെന്‍ ആവശ്യപ്പെട്ടു.

നാല് മാസം പ്രായമുള്ള കുട്ടി ജനുവരി 30ന് ഷാഹീന്‍ബാഗിലെ പ്രക്ഷോഭ സ്ഥലത്ത് മരിച്ചതിന് പിന്നാലെ
പ്രകടനങ്ങളില്‍ ചെറിയ കുട്ടികളെ കൊണ്ടുവരുന്നതില്‍ സുപ്രീം കോടതിയെ ആശങ്ക അറിയിച്ച് സെന്‍ രംഗത്തെത്തിയിരുന്നു.

വാലന്റൈന്‍സ് ഡേയുടെ പശ്ചാത്തലത്തില്‍ പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളെജിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോഗ്യമുള്ളതും ശക്തവുമായ ഇന്ത്യയ്ക്കുവേണ്ടി വിദ്യാര്‍ത്ഥിനികളെ സജ്ജരാക്കുന്നു എന്ന വിശദീകരണത്തോടെയായിരുന്നു അധികൃതരുടെ നടപടി. മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘രക്ഷിതാക്കളില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് ചുറ്റുവട്ടത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയത്തില്‍ കെട്ടുപിണയുകയോ പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല. സ്ത്രീധനം ആവശ്യപ്പെടുന്നവരെയും ഞാന്‍ വിവാഹം ചെയ്യില്ല. സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഭാവിയിലെ ഒരു അമ്മയെന്ന നിലയില്‍ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കി എന്നെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ത്തന്നെയും എന്റെ മരുമകളുടെ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ സ്ത്രീധനം സ്വീകരിക്കില്ല, എന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുകയുമില്ല. ദൃഢവും ആരോഗ്യപരവുമായ ഇന്ത്യക്കുവേണ്ടി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു പ്രതിജ്ഞ.