| Monday, 14th July 2014, 12:03 pm

സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡ്ഡിങ് ഇല്ല: കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത് രണ്ടാഴ്ച കൂടി നീട്ടിവെയ്ക്കാനാണ് തീരുമാനം.   വരുന്ന രണ്ടാഴ്ച കൂടി മഴയുടെ ലഭ്യത വിലയിരുത്തിയ ശേഷം സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യും.

പ്രതീക്ഷിച്ച മഴ ഇതുവരെ ലഭിച്ചില്ലെങ്കിലും റംസാന്‍ വ്രതകാലമാണെന്നതും ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പിലുണ്ടായിട്ടുള്ള നേരിയ പുരോഗതിയും വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായതുമാണ് കെ.എസ്.ഇ.ബിക്ക് ആശ്വാസമാകുന്നത്.

ഇപ്പോള്‍ പ്രതിദിന ശരാശരി 530 ലക്ഷം യൂണിറ്റാണ് ഉപയോഗം. നേരത്തെ ഉപയോഗം 570 ലക്ഷം യൂണിറ്റായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളുടെ സംഭരണശേഷിയുടെ 17 ശതമാനം മാത്രം വെള്ളമുണ്ടായിരുന്നത് 19 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു.

1200 മെഗാവാട്ട് കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്നതിനു പുറമെ 150 മെഗാവാട്ട് വീതം ഇപ്പോള്‍ കായംകുളം, കൂടംകുളം എന്നിവിടങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്.

അതേസമയം മഴയുടെ കുറവില്‍ ബോര്‍ഡിന് ആശങ്കയുണ്ട്. 3000 മില്ലി മീറ്ററാണ് കേരളത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴ. ഇതില്‍ 1925 മില്ലി മീറ്ററാണ് കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.

ജൂലൈ 8 വരെ 40 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ച 869.7 മില്ലി മീറ്ററിന്റെ സ്ഥാനത്ത് ലഭിച്ചത് 520.8 മില്ലി മീറ്റര്‍ മഴ മാത്രം.

We use cookies to give you the best possible experience. Learn more