ഗുവാഹത്തി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, 2002 ലെ ഗുജറാത്ത് കലാപം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ പ്ലസ് ടു സിലബസില്‍ നിന്നൊഴിവാക്കി അസം സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ചേര്‍ന്നുള്ള സമിതിയുടേതാണ് നടപടി. പുതിയ സിലബസ് അസം ഹയര്‍സെക്കണ്ടറി എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ രാഷ്ട്രീയം എന്ന പൊളിറ്റിക്കല്‍ സയന്‍സിലെ പാഠഭാഗങ്ങളാണ് വെട്ടിച്ചുരുക്കിയത്. ആദ്യത്തെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍, രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ നെഹ്‌റുവിന്റെ സമീപനം, പഞ്ചവത്സരപദ്ധതികള്‍, നെഹ്‌റുവിന്റെ വിദേശനയം, നെഹ്‌റുവിന് ശേഷമുള്ള രാഷ്ട്രീയപിന്തുടര്‍ച്ച, ഗരീബീ ഹഠാവോയുടെ രാഷ്ട്രീയം, ഗുജറാത്തിലെ നവനിര്‍മാണ്‍ മുന്നേറ്റം, പഞ്ചാബ് പ്രതിസന്ധി, 1984 ലെ സിഖ് വിരുദ്ധകലാപം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ജനതാ, എന്‍.ഡി.എ സര്‍ക്കാരുകള്‍, 2004 ലെ തെരഞ്ഞെടുപ്പും യു.പി.എ സര്‍ക്കാരും , അയോധ്യ തര്‍ക്കം, ഗുജറാത്ത് കലാപം എന്നിവയാണ് ഒഴിവാക്കിയ പാഠഭാഗങ്ങള്‍.
കോണ്‍ഗ്രസിന്റെ ചരിത്രം, കശ്മീര്‍ പ്രശ്‌നം, ചൈനയുമായും പാകിസ്താനുമായുള്ള യുദ്ധങ്ങള്‍, അടിയന്തരാവസ്ഥ, ജനതാദളിന്റേയും ബി.ജെ.പിയുടേയും ഉദയം എന്നിവയും പാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചരിത്രപുസ്തകത്തില്‍ നിന്ന് ജാതി, വര്‍ഗം തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയതില്‍പ്പെടുന്നു.
ഇംഗ്ലീഷ് പുസ്തകത്തില്‍ നിന്ന് ‘കുട്ടിക്കാലത്തെ ഓര്‍മ്മകള്‍’ എന്ന ഭാഗവും വെട്ടിമാറ്റിയിട്ടുണ്ട്.
കൊവിഡ് കാലത്ത് വളരെയധികം അക്കാദിക് ദിനങ്ങള്‍ നഷ്ടപ്പെട്ടെന്നും അതിനാലാണ് പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയതെന്നും അസം ഹയര്‍സെക്കണ്ടറി എഡ്യുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി മനോരഞ്ജന്‍ കകതി പറഞ്ഞു. സിലബസില്‍ നിന്ന് 30 ശതമാനം ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് കകതി കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ആക്ഷേപങ്ങള്‍ വരുന്നുണ്ടെന്നും പുനപരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക