പനാജി: ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മനോഹര്‍ പരീക്കറെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി ദേശീയസമിതി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്.
പരീക്കറുടെ ആരോഗ്യസ്ഥിതിയും സംസ്ഥാനത്തെ ഭരണസാഹചര്യവും പഠിച്ച ശേഷമാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാംലാല്‍ അംഗമായ മൂന്നംഗ സമിതി ബി.ജെ.പി ദേശീയ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പരീക്കറുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും നാളെ നടക്കുന്ന കോര്‍ കമ്മിറ്റി മീറ്റിങിന് ശേഷം ഔദ്യോഗികമായി നിലപാട് അറിയിക്കുമെന്നും റാംലാല്‍ അറിയിച്ചു. അതേസമയം പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിനയ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് വഴിയൊരുക്കിയെന്നും ബി.ജെ.പി ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുന്നണിയിലെ അംഗമായ ഗോവ അലയന്‍സ് പാര്‍ട്ടി പ്രസിഡന്റും കൃഷി മന്ത്രിയുമായ വിജയ് സര്‍ദേശായി അറിയിച്ചു.
എന്നാല്‍ പാര്‍ട്ടിക്കകത്തും പരീക്കര്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം. കോര്‍ കമ്മിറ്റി മീറ്റിങിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മെക്കല്‍ ലോബോ അറിയിച്ചു.
പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തില്‍ സംശയമുണ്ടെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന് ആവശ്യപ്പെട്ട മുന്നണിയിലെ എം.ജി.പി.യും രംഗത്തെത്തിയിരുന്നു.