| Tuesday, 26th March 2013, 12:00 pm

ഐ.പി.എല്‍: ലങ്കന്‍ താരങ്ങള്‍ ചെന്നൈയില്‍ കളിക്കേണ്ടെന്ന് ജയലളിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഉടന്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ സീസണ്‍ 6 ല്‍ പങ്കെടുക്കുന്ന ശ്രീലങ്കന്‍ താരങ്ങളെ ചെന്നൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.[]

ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടില്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് ജയലളിത കത്തയക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ചാണ് ജയലളിതയുടെ നടപടി.

ശ്രീലങ്കയില്‍ നിന്നുള്ള താരങ്ങളോ മറ്റ് ഒഫീഷ്യലുകളോ ഇല്ലെങ്കില്‍ മാത്രമേ തന്റെ സംസ്ഥാനത്ത് മത്സരം നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നാണ് ജയലളിത കത്തില്‍ പറഞ്ഞിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം ശക്തമായി നില്‍ക്കുകയാണ്. ശ്രീലങ്കന്‍ താരങ്ങളുടെ സാന്നിദ്ധ്യം സ്ഥിതി കൂടുതല്‍ വഷളാക്കും. ശ്രീലങ്കയില്‍ നിന്നുള്ള താരങ്ങളുംഒഫീഷ്യലുകളും അംപയര്‍മാരും തമിഴ്‌നാടില്‍ പ്രവേശിക്കുന്നത് ബി.സി.സി.ഐ വിലക്കണമെന്നും ജയലളിത ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ താരങ്ങളുണ്ടെന്നതിന്റെ പേരില്‍ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ വേദിയാകാനുള്ള അവസരം ജയലളിത നിഷേധിച്ചിരുന്നു.
ഐ.പി.എല്‍ മത്സരങ്ങളില്‍ പത്തോളം മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത് ചെന്നൈയിലാണ്. കൂടാതെ പതിമൂന്നോളം ശ്രീലങ്കന്‍ താരങ്ങളും വിവിധ ടീമുകളിലായി ഐ.പി.എല്ലില്‍ മത്സരിക്കുന്നുണ്ട്. ജയലളിതയുടെ തീരുമാനം ഐ.പി.എല്‍ മത്സരങ്ങളെ സാരമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്.

അതേസമയം, മത്സരത്തില്‍ നിന്ന് ഏതെങ്കിലും താരങ്ങളെ ഒഴിവാക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ രാജീവ് ശുക്ല അറിയിച്ചു. ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ അറിയിച്ചിരുന്നു. ഏപ്രില്‍ മൂന്നിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ ഭേദഗതികളോടെ അംഗീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

കൂടാതെ ശ്രീലങ്കന്‍ വിഷയത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയും യു.പി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയുമായ ഡി.എം.കെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

We use cookies to give you the best possible experience. Learn more