മുംബൈ: യുവതീ-യുവാക്കളുടെ പരസ്യമായ സ്‌നേഹപ്രകടനം ഒഴിവാക്കുന്നതിനായി നോ കിസ്സിംഗ് സോണ്‍ (ചുംബന നിരോധന സോണ്‍) ഉണ്ടാക്കി മുംബൈയിലെ സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ കുടുംബങ്ങള്‍.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും യുവതീ-യുവാക്കള്‍ ബൈക്കിലും കാറിലും ചേര്‍ന്നിരിക്കുന്ന സ്ഥിതി നേരിട്ടു കാണുന്ന സാഹചര്യത്തിലാണ് സൊസൈറ്റിയുടെ റോഡില്‍ നോ കിസ്സിം സോണ്‍ എന്ന് എഴുതി വെക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
പ്രണയത്തിനോ, അവര്‍ ചുംബിക്കുന്നതിനോ എതിരല്ല, പക്ഷെ ഇതൊക്കെ വീട്ടിനകത്ത് ചെയ്തുകൂടെ എന്നാണ് സൊസൈറ്റിയിലെ വീട്ടുകാര്‍ പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യം പ്രദേശത്തെ വീട്ടുകാര്‍ യുവതീ-യുവാക്കള്‍ സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ലോക്കല്‍ കോര്‍പറേറ്റര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ റോഡില്‍ ഇത്തരത്തില്‍ എഴുതിയ ശേഷം യുവതീ-യുവാക്കളെ ഇവിടെ കണ്ടിട്ടില്ലെന്നാണ് ഒരു പ്രദേശവാസി പറയുന്നത്.
എന്നാല്‍ ഈ തീരുമാനത്തിന്റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നാണ് പേരു വെളിപ്പെടുത്താനാകാത്ത യുവതീ യുവാക്കള്‍ പറഞ്ഞത്. ഇവിടെ പാര്‍ക്ക് ചെയ്യരുത്, ഇവിടെ തുപ്പരുത്, ഇവിടെ പുകവലിക്കരുത് തുടങ്ങിയ ബോര്‍ഡുകളൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ ചുംബിക്കരുത് എന്ന് പറയുന്നത് ആദ്യമായി കാണുകയാണെന്നും ഈ ദമ്പതികള്‍ പറഞ്ഞു.