| Friday, 22nd March 2019, 8:32 pm

ബീഹാറില്‍ മഹാസഖ്യത്തില്‍ കനയ്യകുമാറിന് സീറ്റില്ല; മുന്നണിയില്‍ ഉള്‍പ്പെടുത്താതിരുന്നത് നിര്‍ഭാഗ്യകരമെന്ന് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് സീറ്റീല്ല. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐയെ പരിഗണിക്കാതിരുന്ന മുന്നണി സി.പി.ഐ.എം.എല്ലിന് ആര്‍.ജെ.ഡിയുടെ സീറ്റുകളിലൊന്ന് നല്‍കി. ഇതാദ്യമായാണ് സി.പി.ഐ.എം.എല്ലിനൊപ്പം ആര്‍.ജെ.ഡി മത്സരിക്കുന്നത്.

സീറ്റ് ചര്‍ച്ചകളില്‍ കനയ്യയുടെ പേര് പോലും വന്നില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. തേജസ്വി യാദവിന് കനയ്യകുമാറിനോടുള്ള അനിഷ്ടമാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മുന്നണിയിലെടുക്കാതിരുന്നത് നിരാശാജനകമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. സഖ്യത്തില്‍ സി.പി.ഐ ഉള്‍പ്പെടുത്താമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പു നല്‍കിയിരുന്നുവെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു. ബെഗുസാരായിയും മധുബനിയും ഉള്‍പ്പടെ ആറു സീറ്റുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. ജയിലുള്ള ലാലു തന്റെ മകനോട് ഇക്കാര്യം അറിയിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും ബീഹാറിലെ ഇടതുകക്ഷികളെ ആര്‍.ജെ.ഡി വിലകുറച്ചു കാണുകയാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.

മണ്ഡലത്തില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയായ തന്‍വീര്‍ ഹസനെ നിര്‍ത്താനാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഗിരിരാജ് സിംഗിനോട് ഏറ്റുമുട്ടാന്‍ കനയ്യയ്ക്ക് കഴിയില്ല എന്ന ചിന്തയും ആര്‍ജെഡി നേതാക്കള്‍ക്കുണ്ട്. കനയ്യയുടെ ഭൂമിഹാര്‍ സമുദായം പോലും ഗിരിരാജ് സിംഗിന്റെ പിന്തുണക്കും എന്നാണ് ആര്‍ജെഡിയുടെ കണക്കുകൂട്ടല്‍.

മുന്നണി പ്രവേശനം നടക്കാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 24ന് സംസ്ഥാനത്ത് യോഗം ചേരാന്‍ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. ബീഹാറില്‍ സി.പി.ഐ.എമ്മും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

വെള്ളിയാഴ്ച പ്രഖ്യാപിച്ചത് പ്രകാരം ആര്‍.ജെ.ഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും. ബാക്കിയുള്ള പതിനൊന്ന് സീറ്റുകള്‍ ആര്‍എല്‍എസ്പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, മുകേഷ് സാഹ്നിയുടെ വി ഐ പി എന്നീ പാര്‍ട്ടികള്‍ക്ക് നല്‍കി

Latest Stories

We use cookies to give you the best possible experience. Learn more