| Saturday, 14th March 2020, 11:01 am

'ജ്യോതിരാദിത്യ സിന്ധ്യമാര്‍ ഞങ്ങള്‍ക്കിടയിലില്ല; ആദ്യം സ്വന്തം എം.എല്‍.എമാരെ സംരക്ഷിക്കൂ; മഹാരാഷ്ട്ര അസംബ്ലിയില്‍ ബി.ജെ.പിയെ കൊട്ടി അജിത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ജ്യോതിരാദിത്യ സിന്ധ്യമാര്‍ ഇല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍. നിയസഭയില്‍ എത്താത്ത സ്വന്തം എം.എല്‍.എമാര്‍ എവിടെയാണെന്ന് ബി.ജെ.പി അന്വേഷിക്കുന്നത് നന്നാവുമെന്നും അജിത് പവാര്‍ നിയമസഭയില്‍ പറഞ്ഞു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയില്‍ ‘ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെയുള്ള ഒരു വ്യക്തിയും’ ഇല്ല. അത്തരത്തിലുള്ള ആരെങ്കിലും തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് ബി.ജെ.പി പരിശോധിക്കുന്നത് നന്നാവും എന്നാണ് പവാര്‍ പറഞ്ഞത്.

ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുധീര്‍ മുങ്കന്തിവാര്‍ ആയിരുന്നു മധ്യപ്രദേശിലെന്നപോലെ മഹാരാഷ്ട്രയിലും ഒരു സിന്ധ്യ ഉണ്ടാകുമെന്ന പ്രസ്താവന നിയസഭയില്‍ നടത്തിയത്. ഇതിന് മറുപടി നല്‍കുകയായിരുന്നു പവാര്‍.

ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ ആയുസ് കണക്കുകൂട്ടുന്നതിന് പകരം സ്വന്തം ആളുകളെ ഒരുമിച്ച് നിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കൂവെന്നും ദേവേന്ദ്ര ഫട്‌നാവസിനോട് അജിത് പവാര്‍ പറഞ്ഞു.

സംസ്ഥാനത്തെ സഖ്യകക്ഷി സര്‍ക്കാരിനുള്ളില്‍ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെയുള്ള ഒരാളും ഇല്ലെന്നും എക്കാലത്തേയും വലിയ സഖ്യകക്ഷിയായിരുന്ന ശിവസേനയെ ചതിച്ചത് ബി.ജെ.പിയാണെന്നും ആ തെറ്റിന് മാപ്പില്ലെന്നുമായിരുന്നു അസംബ്ലിയില്‍ ഇരുന്ന ഉദ്ദവ് താക്കറെയെ കൂടി നോക്കി അജിത് പവാര്‍ പറഞ്ഞത്. ഈ പരാമര്‍ശം സഭയില്‍ ചിരിപടര്‍ത്തുകയും ചെയ്തു.

പവാറിനുശേഷം സംസാരിച്ച മുങ്കന്തിവാര്‍, ”ബി.ജെ.പി സേനയെ തഴഞ്ഞു” എന്ന പരാമര്‍ശം കഴിഞ്ഞ ദിവസം താന്‍ നടത്തിയിരുന്നെന്നും എന്നാല്‍ അത് തികച്ചും പരിഹാസ്യമായ രീതിയിലായിരുന്നെന്നും എന്നാല്‍ അജിത് പവാര്‍ ഇപ്പോള്‍ സ്വന്തം രാഷ്ട്രീയത്തിന് അനുയോജ്യമായ രീതിയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പറഞ്ഞു. പവാറിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വ്യാഴാഴ്ച അസംബ്ലിയില്‍ നടന്ന ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവ് എം.എല്‍.എയുമായ സുധീര്‍ മുങ്കന്തിവാര്‍ ബി.ജെ.പി ശിവസേനയെ തഴഞ്ഞു എന്നൊരു പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു അജിത് പവാറിന്റെ പ്രസ്താവന.

അധികാരം പങ്കിടലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയും ബി.ജെ.പിയും സഖ്യം ഉപേക്ഷിക്കുന്നത്. ശിവസേന പിന്നീട് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും കൈകോര്‍ക്കുകയും സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.

ഇതിനിടെ എന്‍.സി.പിയില്‍ നിന്ന് വിട്ട് ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ഒരു ശ്രമം അജിത് പവാര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെ നടത്തിയ നീക്കത്തിലൂടെ അജിത് പവാറിനെ തിരിച്ചുകൊണ്ടുവരികയും സഖ്യസര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more