ചോദ്യം നമ്പര്‍ അഞ്ച്, ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല?; മോദിയോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി
Daily News
ചോദ്യം നമ്പര്‍ അഞ്ച്, ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല?; മോദിയോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday, 3rd December 2017, 7:52 pm

 

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനിന്റെ ഭാഗമായി അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ഗുജറാത്ത് ഉത്തരം തേടുന്നു എന്ന ക്യാംപയിനിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ചോദ്യവുമായി എത്തിയിരിക്കുന്നത്. മോദിയോടാണ് രാഹുലിന്റെ ചോദ്യം.

ഗുജറാത്തിലെ സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യഭ്യാസം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പുതിയ ചോദ്യം. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിന്‍ മൂന്ന് ശതമാനം കുറ്റവാളികള്‍ മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയത് വ്യാജ വാഗ്ദാനമാണെന്നും അദ്ദേഹം ആരോപിച്ചു.


Also Read: വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം; സ്വന്തം വാഹനത്തില്‍ കയറനാകാതെ മുഖ്യമന്ത്രി മടങ്ങിയത് കടകംപള്ളിയുടെ വാഹനത്തില്‍


മനുഷ്യക്കടത്തില്‍ മൂന്നാം സ്ഥാനവും, സ്ത്രീകള്‍ക്കെതിരെയുള്ള അസിഡ് ആക്രമണങ്ങളില്‍ അഞ്ചും, പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗ ചെയ്യപ്പെടുന്ന കാര്യത്തില്‍ പത്താം സ്ഥാനത്തുമാണ് ഗുജറാത്തെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത്.

“2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് മാസം വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി, എന്നിട്ടും എന്തുകൊണ്ട് 2001 ല്‍ 70 ശതമാനത്തിലധികം ഉണ്ടായിരുന്ന സ്ത്രീകളുടെ സാക്ഷരതാനിരക്ക് 2011 ല്‍ 57 ശതമാനമായി കുറഞ്ഞു? സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടത് മൂന്നുശതമാനം പ്രതികള്‍ മാത്രമാണ്, എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നീതിലഭിക്കുന്നില്ല?” അദ്ദേഹം ചോദിച്ചു.

“എന്തുകൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഗുജറാത്ത് 20ാം സ്ഥാനത്തായി? പെണ്‍കുട്ടികളുടെ മഴുവന്‍ പ്രവേശന അനുപാതത്തില്‍ ദേശീയ ശരാശരിയായ 23.5 ആണ് എന്നാല്‍ അതിന് വിപരീതമായി ഗുജറാത്തില്‍ ഇത് 20.5 മാത്രമാണ്. എന്തുകൊണ്ട് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന 10 നഗരങ്ങളില്‍ പ്രധാന നഗരങ്ങളായ അഹമ്മദാബാദും സൂറത്തും സ്ഥാനം പിടിച്ചു?”

“സംസ്ഥാനത്ത് പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ 67 ശതമാനം അമ്മമാര്‍ക്ക് സര്‍ക്കാര്‍ ആംബുലന്‍സില്‍ സൗജന്യ യാത്രാസൗകര്യങ്ങള്‍ നിഷേധിക്കുന്നത് എന്തുകൊണ്ട്?” സംസ്ഥാനത്തെ സ്ത്രീ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ച അദ്ദേഹം മാതൃമരണനിരക്ക് 85 ല്‍ എത്തിയതായും ചൂണ്ടിക്കാട്ടി,


Dont Miss: കംഗാരുപ്പട കുതിക്കുന്നു; ആഷസില്‍ സെഞ്ച്വറിയുമായി മാര്‍ഷ്; ആദ്യ ഇന്നിങ്‌സ് 442 ല്‍ ഡിക്ലയേഡ് ചെയ്ത് ഓസീസ്


ഗുജറാത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് വാങ്ങിക്കുന്നതിനെക്കുറിച്ചും മോദിയോട് രാഹുല്‍ ചോദിച്ചു. 2012-16 കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉത്പാദന ശേഷി കുറക്കുകയും വലിയ വിലക്ക് സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതായും അദ്ദേഹം ആരോപിച്ചു.

ഡിസംബര്‍ 9, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയിലേക്കള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 18 നാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ദിവസം വരെ ഓരോ ദിവസം ഒരു ചോദ്യം എന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാംപയിനിന്റെ ഭാഗമായാണ് രാഹുല്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച് മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചത്.