ബെത്‌ലഹേം: ക്രിസ്മസ് ആകുമ്പോൾ ക്രിസ്മസ് ട്രീ കൊണ്ട് വീട് അലങ്കരിക്കുന്നതിന്റെയും മധുരവും രുചികരമായ ആഹാരവും ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരിക്കും ഉണ്ണിയേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ക്രിസ്തുമത വിശ്വാസികൾ.
എന്നാൽ ഈ വർഷം ആഘോഷങ്ങളൊന്നുമില്ലാതെ കഴിയുകയാണ് ബെത്‌ലഹേമിലെ ജനങ്ങൾ. ഈ വർഷം ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് നേരത്തെ ചർച്ചുകളും അറിയിച്ചിരുന്നു.
ഇസ്രഈൽ ആക്രമണങ്ങൾ നേരിടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ചർച്ചുകൾ സംയുക്തമായി ഈ തീരുമാനമെടുത്തത്.
വർഷത്തിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് ക്രിസ്മസ് മാസത്തിലാണെന്നിരിക്കെ ബെത്‌ലഹേമിന്റെ ടൂറിസം മേഖല നിശ്ചലമാണ്. തെരുവുകൾ മുഴുവൻ ശൂന്യമാണ്.
വിനോദസഞ്ചാരികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബെത്‌ലഹേമിലെ ജനങ്ങൾക്കിടയിൽ ഈ പ്രാവശ്യം ആഘോഷമില്ല. കാരണം അവരുടെ അടുത്ത കുടുംബാംഗങ്ങൾ ഗസയിലുണ്ട്.
‘ ഈ വംശഹത്യ നടന്നുകൊണ്ടിരിക്കെ ഞങ്ങൾക്ക് എങ്ങനെ ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കും? ഒരു നേരത്തെ ഭക്ഷണം എങ്കിലും കിട്ടാൻ ഗസയിലെ ജനങ്ങൾ പ്രയാസപ്പെടുമ്പോൾ ഞങ്ങൾ എങ്ങനെ ആഘോഷിക്കും,’ പ്രദേശവാസിയായ തരാസി ചോദിക്കുന്നു.
വെസ്റ്റ് ബാങ്കിനോട് ചേർന്ന് ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ആധുനിക കാല ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചതിനുശേഷം ആദ്യമായാണ് ബെത്‌ലഹേമിലെ മാങ്കർ സ്ക്വയറിലെ ട്രീയും യേശുവിന്റെ ജന്മസ്ഥലവും ക്രിസ്മസ് ലൈറ്റുകൾ കൊണ്ട് അലങ്കരിക്കാതിരിക്കുന്നത്.
ഇപ്പോൾ ആഘോഷങ്ങൾ നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ നേതാക്കളും മുനിസിപ്പൽ അതോറിറ്റിയും പരിപാടികൾ റദ്ദാക്കുന്നതായി അറിയിച്ചിരുന്നു.
ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ബെത്‌ലഹേമിലെ പ്രാദേശിക ഇവാഞ്ചലിക്കൽ ചർച്ചസിന്റെ കൗൺസിൽ അധ്യക്ഷൻ മുനീർ കാക്കിഷ് (Munir Kakish) അറിയിച്ചിരുന്നു.
പരമ്പരാഗതമായ ആചാരങ്ങളും പ്രാർത്ഥനകളും മാത്രമേ നടത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ക്രിസ്മസ് ചർച്ചിൽ ഈ വർഷവും പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. എന്നാൽ ചുറ്റുമുള്ള രക്ഷിതാക്കൾ, ആട്ടിടയന്മാർ, മാലാഖമാർ എന്നിവരാൽ ചുറ്റപ്പെട്ട ഉണ്ണിയേശുവിന് പകരം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന പാവയെയാണ് ഇവിടെ ഒരുക്കിയത്.
Content Highlight: ‘No joy in our hearts’: Bethlehem’s Christians face heartbreak at Christmas