മോദി വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു, ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജസ്ഥാനിലെ യുവാക്കള്‍
national news
മോദി വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു, ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജസ്ഥാനിലെ യുവാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 11:27 am

ജയ്പൂര്‍: 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജസ്ഥാനിലെ ദളിത് യുവാക്കള്‍. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴില്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇനി ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് യുവാക്കളുടെ പ്രതിഷേധം. രാജസ്ഥാനിലെ കസബ ബോണ്‍ലി ടൗണിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം.

മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതോടെ അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്നു.- യുവാക്കള്‍ പറയുന്നു.

“”മോദിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് ഞാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. അദ്ദേഹത്തിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ തങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് അത് ഗുണം ചെയ്യുമെന്ന് കരുതിയിരുന്നു. തൊഴില്‍ ലഭിക്കുമെന്ന് നൂറ് ശതമാനം ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല””- രാജസ്ഥാനിലെ കസ്ബ ബോണില കുമാര്‍ എന്ന യുവാവ് പ്രതികരിക്കുന്നു.


Also Read ജോധ്പൂര്‍ ജയിലിലെ മുറിക്ക് പുറത്ത് രാത്രി ഉറക്കമില്ലാതെ സല്‍മാന്‍ ഖാന്‍ ; ആദ്യദിനം സഹതടവുകാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം


“”എന്റെ രണ്ട് മക്കളും മികച്ച വിദ്യാഭ്യാസം നേടിയവരാണ്. എന്നാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും തൊഴിലില്ല. ഞാന്‍ ഒരു കര്‍ഷകനാണ്. എന്നെപ്പോലുള്ള നിരവധി കര്‍ഷകര്‍ ഇവിടെയുണ്ട്. സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവര്‍.

ഇവിടുത്തെ കര്‍ഷകരെല്ലാം മോദിയുടെ പേര് നേരത്തെ ആവേശത്തോടെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇനിയൊരു വോട്ടും ഇവിടുത്തെ സാധാരണക്കാര്‍ അദ്ദേഹത്തിന് ചെയ്യില്ല. ബി.ജെ.പിയെ അധികാരത്തിലെത്തിക്കില്ല- ഹനുമന്‍ പ്രസാദ് മീനയെന്നയാള്‍ പ്രതികരിക്കുന്നു.

സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്‌നം ബി.ജെ.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന് രാജസ്ഥാനിലെ പ്രാദേശിക ബി.ജെ.പി നേതാവായ ഹനുമത് ദീക്ഷിതും പ്രതികരിക്കുന്നു. എന്നാല്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തിന് അല്പസമയം കൂടി അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.


Watch DoolNews Video