ന്യൂദല്‍ഹി: കോടതിയില്‍ ജീന്‍സ് ധരിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മുമ്പുപറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ ചെല്ലൂര്‍ വീണ്ടും ആവര്‍ത്തിച്ചത്. നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വേളയില്‍ ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞ് കോടതിയില്‍ എത്തിയതിന് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചിരുന്ന ജസ്റ്റിസ് തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
അഭിഭാഷകര്‍ക്കും ന്യായാധിപന്‍മാര്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ടെന്നും അത് പാലിക്കണമെന്നുമാണ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞത്. “അഭിഭാഷകര്‍ക്കും ന്യായാധിപന്‍മാര്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. മറ്റുള്ളവര്‍ യൂണിഫോമില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ജോഗ്ഗിംഗിന് പോകുമ്പോള്‍ നിങ്ങള്‍ ഷോട്സ് ധരിക്കുന്നു. കോളേജില്‍ പോകുമ്പോള്‍ എന്നാല്‍ ആ വേഷമണിയുന്നില്ല. കോടതിമുറിയില്‍ കാലിനുമേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കാന്‍ പോലും പാടില്ല. ആകര്‍ഷകത്വം തോന്നുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു നീതിയുടെ ക്ഷേത്രത്തിലേക്ക് വരരുത്. മാന്യമായ വസ്ത്രം ധരിക്കുക. മാധ്യമങ്ങളും കോടതിയിലെ ഉദ്യോഗസ്ഥരാണ്” ചെല്ലൂര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് മഞ്ജുള ചെല്ലൂര്‍ രംഗത്തെത്തിയിരുന്നത്. ഉന്നയിച്ചത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതി മുറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ കണ്ടതോടെ ഇതെന്തു വേഷമെന്നും ഇത്തരത്തില്‍ വസ്ത്രം ധരിച്ചു കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതു മുംബൈയുടെ സംസ്‌കാരമാണോയെന്നുമായിരുന്നു മഞ്ജുള ചെല്ലൂര്‍ ചോദിച്ചിരുന്നത്.
ഈ വര്‍ഷം മാര്‍ച്ച 29 നായിരുന്നു ഈ സംഭവം. ജസ്റ്റിസിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു. നേരത്തെ ആഗസ്റ്റില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.