|

എന്നെ അടക്കാന്‍ ഈ ജയിലുകള്‍ പോര, അറസ്റ്റില്‍ അത്ഭുതമില്ല: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റില്‍ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൂടുതല്‍ കാലം തന്നെ അകത്ത് കിടത്താന്‍ കഴിയില്ലെന്നും പുറത്തിറങ്ങി തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. തന്നെ അടിച്ചിടാന്‍ ഈ ജയിലുകളൊന്നും പോരെന്നും ഒരു ജയിലിലും തന്നെ ദീര്‍ഘകാലം അടച്ചിടാനാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജയിലില്‍ നിന്ന് ഭാര്യ സുനിതയ്ക്ക് കൈമാറിയ കത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. വാര്‍ത്താ സമ്മേളനത്തിലാണ് സുനിത കെജ്‌രിവാളിന്റെ കത്ത് വായിച്ചത്.

‘ഇന്ത്യക്കകത്തും പുറത്തും നിരവധി ശക്തികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. നമ്മള്‍ ജാഗ്രത പാലിക്കണം, ഈ ശക്തികളെ തിരിച്ചറിയുകയും അവരെ പരാജയപ്പെടുത്തുകയും വേണം.

ദല്‍ഹിയിലെ സ്ത്രീകള്‍ ഞാന്‍ ജയിലായല്ലോ എന്ന് കരുതുന്നുണ്ടാകും. അവര്‍ക്ക് 1000 രൂപ ഇനി ലഭിക്കുമോ എന്ന് ആശങ്കപ്പെടുന്നുണ്ടാകും. അവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ ഈ സഹോദരനെയും മകനെയും വിശ്വസിക്കണമെന്നാണ്. അവനെ ദീര്‍ഘകാലം ജയിലില്‍ അടയ്ക്കാന്‍ പോന്ന ഒരു ജയിലും ഇവിടെ ഇല്ല എന്നാണ്. ഞാന്‍ ഉടന്‍ പുറത്തു വരും. എന്റെ വാഗ്ദാനങ്ങള്‍ പാലിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

നാടകീയമായ അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച റൂസ് അവന്യൂ കോടതി കെജ്‌രിവാളിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളാണ് പ്രധാന സൂത്രധാരന്‍ എന്നാണ് ഇ.ഡിയുടെ വാദം.

ദല്‍ഹി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി കെജ്‌രിവാളിന് കോടിക്കണക്കിന് രൂപ ലഭിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. എന്നാല്‍ കെജ്‌രിവാളിനെതിരെ ഒരു രൂപയുടെ അഴിമതി പോലും തെളിയിക്കാന്‍ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്ന് ആം ആദ്മി പറഞ്ഞിരുന്നു.

കള്ളപ്പണം മുഴുവന്‍ ലഭിച്ചത് ബി.ജെ.പിക്കാണെന്ന് പറഞ്ഞ ആം ആദ്മി പാര്‍ട്ടി അതിന്റെ രേഖങ്ങള്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

Video Stories