[] ന്യൂദല്‍ഹി: എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
എറണാകുളത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് പാര്‍ട്ടിയാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ആരോപണം അടിസ്ഥാനരഹിമാണെന്നും പ്രകാശ് കാരാട്ട പറഞ്ഞു.ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കാിയതില്‍ അപാകതയില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിലെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് നടത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇടതുപക്ഷക്കാരനല്ലെന്നും ക്രിസ്റ്റി എങ്ങനെ സ്ഥാനാര്‍ത്ഥിയായെന്ന് ഇപ്പോഴും വ്യക്തമല്ല എന്നുമായിരുന്നു ലോറന്‍സിന്റെ ആരോപണം.
സി.പി.ഐ.എം സ്വതന്ത്രനായാണ് ക്രിസ്റ്റി എറണാകുളം മണ്ഡലത്തില്‍ മത്സരിച്ചത്. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു.ഒരു വ്യവസായ പ്രമുഖന്റെ നോമിനിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.
ലത്തീന്‍കത്തോലിക്ക വിഭാഗം വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയെതാന്നായിരുന്നു പാര്‍ട്ടിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ് പാര്‍ട്ടിക്ക് സമ്മാനിച്ചത്.