ഗസ മുനമ്പിലെ ഇസ്രഈലി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ഇസ്രഈലി കപ്പലുകളെയും ഇസ്രഈലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും തടയുന്നത് തുടരുമെന്ന് യെമൻ.
സനാ: ഇസ്രഈൽ ഉടമസ്ഥതയിലുള്ളതോ ഇസ്രഈൽ തുറമുഖത്തേക്ക് നീങ്ങുന്നതോ ആയ യാതൊരു കപ്പലുകളെയും ചെങ്കടൽ കടന്നുപോകാൻ അനുവദിക്കില്ലെന്ന് യെമൻ.
വിഷയം തങ്ങൾ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതൊന്നും യെമൻ രാഷ്ട്രീയ സമിതിയുടെ മേധാവി മഹ്ദി അൽ മഷാത് അറിയിച്ചു.
‘ ഞങ്ങളുടെ സായുധസേന ചെങ്കടലിന്റെ കാവൽക്കാരാണ്. അവർക്കു പിന്നിൽ ഞങ്ങളിൽ നിന്നുള്ള 40 മില്യൺ പോരാളികൾ തയ്യാറായി നിൽക്കുന്നുണ്ട്.
ഇസ്രയേലി കപ്പലുകളെയും സയണിസ്റ്റ് തുറമുഖങ്ങളിലേക്ക് യാത്രതിരിക്കുന്ന കപ്പലുകളെയും തടയുന്നത് ഞങ്ങൾ തുടരും. ഗസയിലെ അധിനിവേശവും ആക്രമണങ്ങളും പൂർണമായി അവസാനിപ്പിക്കാതെ അത് അവസാനിക്കില്ല,’ മഹ്ദി പറഞ്ഞു.
‘ഇസ്രഈലിനെ സംരക്ഷിക്കുവാൻ യു.എസ് പ്രതിജ്ഞാബദ്ധരാണെങ്കിൽ ഞങ്ങളും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഗസയിലെ ഞങ്ങളുടെ സഹോദരങ്ങളേ സംരക്ഷിക്കുവാനും അവർക്ക് പിന്തുണ നൽകുവാനും പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിലൂടെ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ കപടത ലോകത്തിന് മുമ്പിൽ വെളിപ്പെട്ടു എന്നും മഹ്ദി പറഞ്ഞു.
‘അനീതിയെ തള്ളിക്കളയുന്ന അറബ്, മുസ്‌ലിം രാഷ്ട്രമാണ് ഞങ്ങളുടേത്. ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങൾ നിശബ്ദമായി നോക്കിനിൽക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.
സയണിസ്റ്റ്, അമേരിക്കൻ അഹന്തക്ക് മുമ്പിൽ ഞങ്ങളുടെ നിലപാട് എന്താണെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു,’ മഹ്ദി പറഞ്ഞു.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള യെമന്റെ ഹൂത്തികളുടെ ആക്രമണം ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നു.
എന്നാൽ സേനയിൽ നിന്ന് സ്പെയിൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്മാറിയിരുന്നു.
Content Highlight: No Israeli ships or those heading to its ports will pass through Red Sea: Yemen