| Thursday, 9th August 2018, 11:31 pm

ഐ.എസ്.എല്ലിനെ പറ്റി അറിയില്ല, ഈസ്റ്റ് ബംഗാളിനെ ഇഷ്ടപ്പെട്ടു വന്നതാണ്: ജോണി അകോസ്റ്റ

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐ.എസ്.എല്‍ കണ്ട് കൊതിച്ച് ഇന്ത്യയില്‍ എത്തിയ ആളല്ല താനെന്ന് കോസ്റ്ററിക്കയുടെ ലോകകപ്പ് താരം ജോണി അകോസ്റ്റ. ഈസ്റ്റ് ബംഗാളുമായി കരാറിലൊപ്പിട്ട താരം കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

“കരാറില്‍ ഒപ്പിടുമ്പോള്‍ വലിയ ചരിത്രമുള്ള ഈസ്റ്റ് ബംഗാളിനെ കുറിച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ. ഐ.എസ്.എല്ലിനെ കുറിച്ചോ മറ്റു ടൂര്‍ണമെന്റുകളെ കുറിച്ചോ അറിയില്ല, ഈസ്റ്റ് ബംഗാള്‍ വലിയ ക്ലബ്ബായത് കൊണ്ടാണ് ഇങ്ങോട്ടു വന്നത്.” അകോസ്റ്റ പറഞ്ഞു.

കോസ്റ്ററിക്കയുടെ മുന്‍ താരമായ അലക്‌സാണ്ടര്‍ ഗുമിറസാണ് ഇന്ത്യയിലേക്ക് വരാന്‍ പറഞ്ഞതെന്നും അദ്ദേഹം ഈസ്റ്റ്ബംഗാളിനെ കുറിച്ച് വളരെ നന്നായി പറഞ്ഞുവെന്നും അകോസ്റ്റ പറഞ്ഞു.

പരിഭാഷകനില്ലാത്തതിന്റെ പേരില്‍ അകോസ്റ്റയുടെ വാര്‍ത്താ സമ്മേളനം മുടങ്ങിയിരുന്നു. സ്പാനിഷ് മാത്രമാണ് താരത്തിന് അറിയാവുന്നത്.

2011 മുതല്‍ കോസ്റ്ററിക്കന്‍ ടീമിന്റെ ഭാഗമായ അകോസ്റ്റ ഈ ലോകകപ്പിലെ മൂന്നു മത്സരങ്ങളിലും കളിച്ചിരുന്നു. കോസ്റ്റാറിക്കയ്ക്ക് വേണ്ടി 71 തവണ താരം കളിക്കാനിറങ്ങിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more