ശിവരഞ്ജിത്തിനും നസീമിനും പരീക്ഷയില്‍ ആനുകൂല്യം നല്‍കിയിട്ടില്ല; വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍
Kerala News
ശിവരഞ്ജിത്തിനും നസീമിനും പരീക്ഷയില്‍ ആനുകൂല്യം നല്‍കിയിട്ടില്ല; വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 4:56 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പി.എസ്.സി. പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ പറഞ്ഞു.

അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ആറ്റിങ്ങല്‍ വഞ്ചിയൂരിലെ സ്‌കൂളിലാണു പരീക്ഷയെഴുതിയത്. റാങ്ക് പട്ടികയില്‍ രണ്ടാമനായ എസ്.എഫ്.ഐ നേതാവ് പ്രണവ് ആറ്റിങ്ങല്‍ മാമം പബ്ലിക് സ്‌കൂളിലാണു പരീക്ഷയെഴുതിയത്. രണ്ടാംപ്രതി നസീം തൈക്കാട്ടെ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലാണ് എഴുതിയത്. പരീക്ഷാ സെന്ററുകളില്‍ പ്രതികള്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടത്തിയതിന്റെ ഒരറിയിപ്പും പി.എസ്.സിക്കു ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

പൊലീസ് കെ.എ.പി നാലാം ബറ്റാലിയനിലേക്ക് ഇവരുള്‍പ്പെടെ 2989 പേരാണു തിരുവനന്തപുരത്തു പരീക്ഷയെഴുതിയത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കുത്തുകേസില്‍ പ്രതികളായതോടെ, ഇവരുടെ പേര് പട്ടികയില്‍ വന്നത് പി.എസ്.സി പരിശോധിക്കും. പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് സംഘമാണു ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുക.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്നുപേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ല. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങളില്‍ നിന്നു പിന്മാറണമെന്നും സക്കീര്‍ ആവശ്യപ്പെട്ടു.

അതിനിടെ യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിയന്‍ റൂമിലും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തി. മുറിയില്‍ ഉത്തരക്കടലാസിന്റെ കെട്ടുകളും അധ്യാപകന്റെ സീലുകളും കണ്ടെത്തി.

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.

നേരത്തെ, യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. കേരള സര്‍വ്വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്.

കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.